പട്ടയ വിതരണം വേഗത്തിലാക്കും: ജില്ലാ കളക്ടർ

12:05 AM Jan 06, 2017 | Deepika.com
ചെറുതോണി: ജില്ലയിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗം തീരുമാനിച്ചതായി ഇടുക്കി ജില്ലാകളക്ടർ ജി.ആർ. ഗോകുൽ അറിയിച്ചു.

1–1–1977–നുമുമ്പ് കൈവശഭൂമിയുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കർഷകരുടെ ഭൂമിക്കു പട്ടയം നൽകാൻ നിയമവശങ്ങൾ പരിശോധിച്ചു നടപടി വേഗത്തിലാക്കും.

മുൻ സർക്കാർ വിതരണംചെയ്ത പട്ടയത്തിലെ 16 ഉപാധികൾ നീക്കംചെയ്യുന്നതും മരം മുറിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ചും ചർച്ചചെയ്തെങ്കിലും അന്തിമ തീരുമാനമായില്ലെന്നു കളക്ടർ പറഞ്ഞു. ജില്ലയിൽ വീടു നിർമാണ നിയന്ത്രണങ്ങൾ നിലവിലുള്ളതു മൂന്നാറിൽ മാത്രമാണ്. മറ്റെരിടത്തും നിയന്ത്രണങ്ങൾ ഇല്ലെന്നും കളക്ടർ അറിയിച്ചു.

പത്തുചെയിൻ, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പട്ടയം നൽകുന്നതിനു ജോയിന്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനിച്ചു. 7,500 പട്ടയങ്ങളുടെ വിതരണം ഏപ്രിൽ അവസാനത്തോടെ നടത്താനായേക്കും. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും ചർച്ച ചെയ്തതായും കളക്ടർ അറിയിച്ചു. യോഗതീരുമാനങ്ങൾ സംബന്ധിച്ചു മിനിറ്റ്സ് ലഭിച്ച ശേഷം വ്യക്‌തമാക്കും.