നഴ്സിംഗ് കോളജ് വിദ്യാർഥികൾപഠിപ്പുമുടക്കി

12:05 AM Jan 06, 2017 | Deepika.com
നെടുങ്കണ്ടം: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനെ തകർക്കാനുള്ള ആരോഗ്യ സർവകലാശാലയുടെയും മഹാത്മാഗാന്ധി യൂണിവഴ്സിറ്റിയുടെയും നീക്കത്തിനെതിരെ നെടുങ്കണ്ടം എസ്എംഇ നഴ്സിംഗ് കോളജ് വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. ഇന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്ന വിദ്യാർഥികൾ മഹാത്മാഗാന്ധി യൂണിവഴ്സിറ്റിക്കു മുമ്പിൽ സത്യഗ്രഹം നടത്തും.

ആരോഗ്യ സർവകലാശാലയുടെ പുതിയ തീരുമാനമാണ് നെടുങ്കണ്ടം ഉൾപ്പടെയുള്ള എട്ട് എസ്എംഇ സ്‌ഥാപനങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്. പുതുതായി രൂപീകരിച്ച ആരോഗ്യ സർവകലാശാല ഈവർഷംമുതൽ എസ്എംഇ സ്‌ഥാപനങ്ങളിൽ നടത്തുന്ന കോഴ്സുകൾക്ക് പിഎസ്സിയുടെ അംഗീകാരം നൽകില്ലെന്നും കെഎൻഎംസി, ഐഎൻസി അഫിലിയേഷൻ നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. ഇതുമൂലം ഇത്തരം സ്‌ഥാപനങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകും.

ആരോഗ്യ സർവകലാശാലയുടെ ഈ നീക്കത്തിനെതിരെ ഉചിതമായ നടപടിയെടുക്കുവാൻ മഹാത്മാഗാന്ധി യൂണിവഴ്സിറ്റിയും തയാറായിട്ടില്ല. നെടുങ്കണ്ടത്ത് സ്പോൺസറിംഗ് കമ്മറ്റി കണ്ടെത്തി നൽകിയ നാലേക്കർ സ്‌ഥലത്ത് വിശാലമായ കാമ്പസ് ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. 220 കുട്ടികളാണ് നിലവിൽ ഇവിടെ പഠനം നടത്തുന്നത്. നാലുനില കെട്ടിടം, ലൈബ്രറി, ലാബ്, തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. സ്വാശ്രയ സ്‌ഥാനപങ്ങളിൽനിന്നും ഏറ്റവും കൂടുതൽ വരുമാനം സർവകലാശാലയ്ക്ക് ലഭിക്കുന്നതും എസ്എംഇകളിൽ നിന്നുമാണ്. ഇവർ നേരിട്ടു നടത്തുന്ന പാരാമെഡിക്കൽ കോഴ്സുകളെ ആരോഗ്യ സർവകലാശാലയിലേക്ക് അഫിലിയേറ്റ് ചെയ്യാതെതന്നെ തുടരാമെന്ന് തീരുമാനം എടുക്കുകയോ ആരോഗ്യ സർവകലാശാല നേരിട്ട് ഇത്തരം സ്‌ഥാപനങ്ങൾ നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായി നെടുങ്കണ്ടത്ത് വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തി. സമര പരിപാടികൾക്ക് കോളജ് യൂണിയൻ ചെയർമാൻ എസ്. വൈശാഖ്, യൂണിയൻ കൗൺസിലർ മുഹമ്മദ് ജാബിർ, അദിൽ ഷംറീദ്, അഞ്ജലി ജയിംസ് എന്നിവർ നേതൃത്വംനൽകി.