സാധാരണക്കാർക്ക് പ്രിയപ്പെട്ട ഉദ്യോഗസ്‌ഥൻ; രാഷ്ര്‌ടീയക്കാരുടെ കണ്ണിലെ കരട്

12:05 AM Jan 06, 2017 | Deepika.com
തൊടുപുഴ: സാധാരണക്കാരുടെ ചട്ടിയിൽ കൈയിട്ടുവാരുന്നവർക്കു എന്നും പേടി സ്വപ്നമായിരുന്ന ജില്ലാ പോലീസ് മേധാവി എ.വി. ജോർജിനെ സ്‌ഥലം മാറ്റി. അഴിമതിക്കെതിരേ കർക്കശക്കാരായ ഉദ്യോഗസ്‌ഥനായിരുന്നു എ.വി. ജോർജെന്നു കാലം തെളിയിച്ചു. 2016 ജൂൺ പത്തിനു ഇടുക്കിയുടെ പോലീസ മേധാവിയായി ചാർജെടുത്ത എ.വി. ജോർജിനെ എറണാകുളം റൂറൽ എസ്പിയായിട്ടാണ് സ്‌ഥലംമാറ്റുന്നത്.

ജാതി, മത, രാഷ്ര്‌ടീയവ്യത്യാസമില്ലാതെ തുല്യനീതി നടപ്പിലാക്കാൻ ഏഴുമാസം കൊണ്ടു എസ്പി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു പാവപ്പെട്ടവരുടെ ഭവനനിർമാണ പദ്ധതിയിലെ ക്രമക്കേട് കണ്ടുപിടിച്ചത്.

പട്ടികജാതിവർഗക്കാരുടെ ഭവനനിർമാണപദ്ധതിയായ സ്വയംപര്യാപ്ത ഗ്രാമപദ്ധതിയിലെ തട്ടിപ്പ് ഒമ്പതെണ്ണമാണ് എസ്പി കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എൻ.സജി ഉൾപ്പെടെയുള്ള പോലീസ് സേനയുടെ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചിരുന്നു. പാവപ്പെട്ടവർക്കു വീടു വച്ചു നൽകുമെന്നു മോഹന വാഗ്ദാനം നല്കി കോടികളാണ് ഇടുക്കി ജില്ലയിൽ നിന്നും വമ്പൻമാർ കൊണ്ടു പോയത്. രാഷ്ര്‌ടീയക്കാരുടെ സ്വാധീനത്തിലൊന്നും വീഴാതെ എല്ലാവർക്കുമെതിരേ കേസെടുത്തു.

പിന്നോക്ക ഗ്രാമങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതിയുടെ മറവിൽ കോൺട്രാക്ടറും സർക്കാർ ഉദ്യോഗസ്‌ഥരും കൈയിട്ടുവാരുകയായിരുന്നു. അടിമാലി, ചിന്നക്കനാൽ,കുമളി ചെങ്കര,മുള്ളരിങ്ങാട്, കുളമാവ്, ചെറുതോണി, നെടുങ്കണ്ടം,മറവൂർ,മൂന്നാർ തുടങ്ങിയ സ്‌ഥലങ്ങളിലെ തട്ടിപ്പാണ് പുറത്തു കൊണ്ടുവന്നത്. കുമളിചെങ്കരയിൽ കുടിവെള്ളപദ്ധതി പോലും നടപ്പിലാക്കാൻ കോൺട്രാക്ടർ ശ്രമിച്ചില്ല. ഇവിടെ മാത്രം കരാറുകാരൻ 30 ലക്ഷം രൂപയാണ് തട്ടിയെടുത്ത്. ആദിവാസിജനവിഭാഗത്തെ ശക്‌തിപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇടമലക്കുടി ഉൾപ്പെടെയുള്ള ആദിവാസിമേഖലകളിൽ ഏഴോളം അദാലത്തുകൾ സംഘടിപ്പിച്ചു. പാവപ്പെട്ടവരുടെ പരാതികൾ സ്വീകരിച്ചു എന്നുമാത്രമല്ല, നീതിയും നടപ്പിലാക്കി കൊടുത്തു.

തൊടുപുഴയിൽ ഉൾപ്പെടെ ജനകീയ അദാലത്തുകൾ സംഘടിപ്പിച്ചു. ഇവിടെയെല്ലാം ഉയർന്നു വന്ന പോലീസ് സേനയെ കുറിച്ചുള്ള പരാതികളിൽ അദ്ദേഹം ശക്‌തമായ നടപടി് സ്വീകരിച്ചു. ഇതേ സമയം ജനങ്ങളെ പോലെ തന്നെ ഭൂരിപക്ഷം പോലീസുകാർക്കും ഉദ്യോഗസ്‌ഥർക്കും അദ്ദേഹത്തെ ഇഷ്‌ടമായിരുന്നു. ഏതു സമയത്തും സഹായത്തിനായി വിളിക്കമായിരുന്നുവെന്നു പോലീസുകാരും പറയുന്നു. ഇടമലക്കുടിയിൽ ആരംഭിച്ച സർവ്വേ പൂർത്തിയാക്കാതെയാണ് അദ്ദേഹം സ്‌ഥലം മാറി പോകുന്നത്.

ഇടമലക്കുടിയിൽ ആദിവാസിജനവിഭാഗത്തിന്റെ ബയോഗ്രാഫി പൂർത്തിയാക്കാനുള്ള യത്നത്തിലായിരുന്നു അദ്ദേഹം. എല്ലാ കുടികളിലൂടെയും കയറിയിറങ്ങി ഓരോ കുടുംബത്തിന്റെയും വിവരങ്ങളും ഫോട്ടോകളും തയാറാക്കുകയായിരുന്നു. ഇതുപൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ജില്ലാപോലീസ് മേധാവിയായി ചാർജെടുത്തതിനുശേഷം ആദ്യം ചെയ്തതു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്‌ഥരുടെ മദ്യപാനം അവസാനിപ്പിക്കാനും പെരുമാറ്റ ദുഷ്യം ഇല്ലാതാക്കാനുമായിരുന്നു. ഇതു ഒരുപരിധിവരെ തീർപ്പാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെയും പോലീസുകാരെയും ശിക്ഷിക്കാനും സ്‌ഥലം മാറ്റാനും അദ്ദേഹം തയാറായിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് വേട്ട ഈ കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ഉണ്ടായത്.

കുമളി, നെടുങ്കണ്ടം പോലുള്ള അതിർത്തി പ്രദേശങ്ങളിൽ ശക്‌തമായ ഇടപെടാലാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പരിസ്‌ഥിതിപ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. കുളമാവ് പോലുള്ള പ്രദേശങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ കൈയേറി മലകൾ ഇടിച്ചുനിരത്തി കെട്ടിടം പണിതവർക്കെതിരേ ശക്‌തമായ നടപടി സ്വീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

അദ്ദേഹം സ്‌ഥലം മാറി പോകുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നതു മണ്ണ്, മയക്കുമരുന്ന്, തട്ടിപ്പ് മാഫിയകളാണ്. പോലീസ് സേനയിൽ ഒരു വിഭാഗത്തിനും അദ്ദേഹത്തിന്റെ സ്‌ഥലമാറ്റം സന്തോഷത്തിനു ഇടയാക്കുന്നുണ്ട്. കൈകൂലിയും അഴിമതിയും കാണിച്ചവർക്കു മാത്രം. പോലീസ് ആക്ട് പ്രകാരം കുറഞ്ഞതു രണ്ടു വർഷമെങ്കിലും ജില്ലാപോലീസ മേധാവിക്കു നൽകണമെന്നാണ് നിയമം.എന്നാൽ വെറും ഏഴുമാസം കൊണ്ടു അദ്ദേഹം ചിലരുടെ കണ്ണിലെ കരടായതു കൊണ്ടു മാത്രമാണ് മാറ്റുന്നത്. ചിലരുടെ സ്‌ഥലമാറ്റ ലിസ്റ്റ് അനുസരിക്കുകയല്ല, ജനത്തിനു തുല്യനീതി നടപ്പിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.