എനർജി കോൺഗ്രസ് കുട്ടിക്കാനത്ത്

12:05 AM Jan 06, 2017 | Deepika.com
പീരുമേട്: ഊർജ സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പീരുമേട് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജും എനർജി കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് കോളജിൽ എനർജി കോൺഗ്രസ് നടത്തും. എനർജി മാനേജ്മെന്റ് സെന്റർ, കെഎസ്ഇബി, കെഎസ്സിഎസ്, ടിഇഡി, അനർട്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നാറ്റ്പാക്, മാസ്കോ ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കോൺഫറൺസ് നടത്തുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രമുഖരും എൻജിനിയറിംഗ,് പോളിടെക്നിക് മേഖലകളിലെ വിദ്യാർഥികളും പങ്കെടുക്കുന്ന എനർജി കോൺഗ്രസ് ഇന്നുമുതൽ എട്ടുവരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജിൽ നടക്കും.

ഇന്ന് വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്യും. സമ്മേളനത്തിൽ ഇ.എസ്. ബിജിമോൾ എംഎൽഎ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം പരിസ്‌ഥിതി വികസന സെന്റർ ചെയർമാൻ പ്രഫ. വി.കെ. ദാമോധരൻ മുഖ്യപ്രഭാഷണം നടത്തും. നാറ്റ്പാക് ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവി, എനർജി കൺസർവേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. കെ. സോമൻ, എംബിസി കോളജ് ഡയറക്ടർ ഫാ. സി. ജോൺ ചിറത്തിലാട്ട്, പ്രിൻസിപ്പൽ ഡോ. സി. പ്രദീപ്, എനർജി കൺസർവേഷൻ സൊസൈറ്റി റീജണൽ സെക്രട്ടറി മധുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

പൊതുജനങ്ങൾക്കായി ഏലപ്പാറ മലനാട് ഹാളിൽ നടത്തുന്ന എക്സ്പോയിൽ കെഎസ്ഇബി, ഇഎംസി, അനെർട്ട്, കെഎസ്സിഎസ്, ടിഇഡി, കെഎസ്എസ്പി, സീം, പിഡിഎസ്, ഭാരത് ഗ്യാസ് തുടങ്ങിയ സ്‌ഥാപനങ്ങൾ പങ്കെടുക്കും. പീരുമേട് താലൂക്കിലെ എൽപി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് പെയിന്റിംഗ് മത്സരം, കേരള സ്റ്റേറ്റ് ലളിതകല അക്കാദമി റിസോഴ്സ് പേർസൺ അനിൽ വേഗ നേതൃത്വം നൽകും. ഡിസ്ട്രിക്ട്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കായും കുടുംബശ്രീ, അയൽക്കൂട്ടം തുടങ്ങിയവയിലെ അംഗങ്ങൾക്കായും ഊർജ സംരക്ഷണത്തെ സംബന്ധിച്ച് ബോധവൽകരണ പരിപാടികൾ എട്ടിന് നടത്തും. രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് 9995251033, 9605537880, 9846523768 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.