തൊടുപുഴ ഡിവൈഎസ്പിക്ക് അന്വേഷണചുമതല

12:05 AM Jan 06, 2017 | Deepika.com
തൊടുപുഴ: കേന്ദ്രസർക്കാർ സ്‌ഥാപനമാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പു നടത്താൻ സമാനമായ പേരുമായി സ്വകാര്യവ്യക്‌തി ഇടുക്കി ജില്ലയിൽ ആരംഭിച്ചിരിക്കുന്ന സ്‌ഥാപനത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി എ.വി.ജോർജ് ഉത്തരവിട്ടു.

തൊടുപുഴ ഡിൈവെസ്പിക്കാണ് അന്വേഷണ ചുമതല. കേന്ദ്രസർക്കാർ സംരംഭമായ നാഷണൽ റൂറൽ ഹെൽത്ത്മിഷനും ജൻ ഔഷധി എന്നീ പേരുകൾക്ക് സാമ്യമായ രീതിയിൽ നാഷണൽ വൂമൻ ഹെൽത്ത് മിഷൻ, ജനആരോഗ്യ എന്ന പേരിൽ സ്‌ഥാപനം തുടങ്ങി തട്ടിപ്പിനു ശ്രമമെന്നാണ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എൻ.സജി ജില്ലാ പോലീസ് മേധാവി എ.വി.ജോർജിനു റിപ്പോർട്ട് നൽകിയത്. ഇംഗ്ലീഷ്, ആയുർവേദ മരുന്നുകൾ വില കുറച്ചു നൽകുന്നതിനായി കേരളത്തിൽ ഫാർമസികൾ ആരംഭിക്കുമെന്നാണ് വാഗ്ദാനം. ഇതിലേക്കുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. ഒരാളിൽ നിന്നും ആയിരം രൂപ മാത്രം സ്വീകരിക്കുന്നു. എന്നാൽ ഇടുക്കിയിൽ മാത്രം 400 പേർ പങ്കെടുത്തു കഴിഞ്ഞു.

ഈ സ്‌ഥാപനത്തിന്റെ ഡയറക്ടർ ആർ. രാധാകൃഷ്ണപിള്ള എന്നയാളാണ്. ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. സംസ്‌ഥാനത്ത് ഉടനീളം 2000 ഫാർമസികൾ ആരംഭിക്കുമെന്നാണ് സ്‌ഥാപനത്തിന്റെ വാഗ്ദാനമെങ്കിലും ഇതുവരെ ഒരെണ്ണം പോലും ആരംഭിച്ചിട്ടില്ലെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.2017 ജനുവരി മുതൽ കേരളത്തിൽ 2000 ഫാർമസികൾ ആരംഭിക്കുമെന്നും വ്യക്‌തമാക്കുന്നു. ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കുന്ന ജോലിയാണ് നടക്കുന്നത്.

കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലോ മറ്റെങ്കിലും ഗവ. ഏജൻസികളിലോ രജിസ്റ്റർ ചെയ്തിട്ടില്ല. 2013 ലാണ് സ്‌ഥാപനം ആരംഭിക്കുന്നത്. എറണാകുളം ചിറ്റൂർ റോഡിലാണ് അഡ്മിനിസ്ട്രറ്റീവ് ഓഫീസ്. ജന ആരോഗ്യ കമ്യൂണിറ്റി ഫാർമസി എന്ന പേരിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കുമെന്നും ഡയഗ്നോസ്റ്റിക് സെന്റർ ആരംഭിക്കുമെന്നും പറയപ്പെടുന്നു.