മത്സ്യ വിപണന കേന്ദ്രങ്ങളിലും, ഫിഷ് ലാൻഡിംഗ് സെന്ററിലും മിന്നൽ പരിശോധന

11:35 PM Jan 05, 2017 | Deepika.com
അമ്പലപ്പുഴ: മത്സ്യ വിപണന കേന്ദ്രങ്ങളിലും, ഫിഷ് ലാൻഡിംഗ് സെന്ററിലും മിന്നൽ പരിശോധന. അമ്പലപ്പുഴയിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളിലും, പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിലുമാണ് ഇന്നലെ പുലർച്ചെ മൂന്നോടെ ജോയിന്റ് ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണർ അഷഫറുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്കാഡ് പരിശോധന നടത്തിയത്. സോഡിയം ബൻസ്യോറ്റ്, അമോണിയം ഫോർമാലിൻ തുടങ്ങിയ മാരകമായ രാസ പദാർഥങ്ങൾ മത്സ്യങ്ങളിൽ ചേർക്കുന്നു എന്ന വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് റെയ്ഡ് എന്ന് ജോയിന്റ് കമ്മീഷണർ പറഞ്ഞു.

മത്സ്യങ്ങൾ മാസങ്ങളോളം കേടാകാതിരിക്കാനാണ് ഇത്തരം രാസപഥാർത്ഥങ്ങൾ ചേർക്കുന്നതെന്നു പറയപ്പെടുന്നു. പുന്നപ്ര കളിത്തട്ടു മാർക്കറ്റിൽ നിന്ന് വിവിധ സ്‌ഥലങ്ങളിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന മത്സ്യങ്ങളും അതിൽ ഇടുന്ന ഐസിന്റെയും സാമ്പിളുകൾ ശേഖരിച്ചു. ഇത് കൊച്ചിയിലെയും തിരുവനന്തപുരത്തേയും ആരോഗ്യവകുപ്പിന്റെ ലാബുകളിലേക്കു പരിശോധനക്കായി അയക്കുമെന്നും ഇവർ പറഞ്ഞു.

ഇതിനായി ഓപ്പറേഷൻ സാഗര എന്ന പേരിലാണ് ആലപ്പുഴ കൂടാതെ കൊല്ലം, നീണ്ടകര, പാരിപ്പള്ളി, മുനമ്പം, ബേപ്പൂർ, ഇളമക്കര തുടങ്ങിയ സ്‌ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനകൾ നടത്തിയത്. മാവേലിക്കര ഫുഡ് സേഫ്റ്റി ഓഫീസർ പി.ഉണ്ണിക്കൃഷ്ണൻ നായർ, ജി ശ്രീകുമാർ (ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ), ജി സോമൻ, ബിൻ രാജ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.