ക്ഷേത്രത്തിൽ മാലമോഷ്‌ടിക്കാൻ ശ്രമംതമിഴ്നാട് സ്വദേശിനികൾ പിടിയിൽ

11:35 PM Jan 05, 2017 | Deepika.com
ചാരുംമൂട്: ക്ഷേത്രത്തിൽ തൊഴാൻ എത്തിയവരുടെ മാല മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിനി കളായ രണ്ടു സ്ത്രീകൾ പോലീസ് പിടിയിലായി. തമിഴ്നാട് കന്യാകുമാരി മാർത്താണ്ഡം സെല്ലാ ദുരൈ ശരണ്യ (ജ്യോതി–37), രാമയ്യ ഡോർ കണ്ണമ്മ (51) എന്നിവരെയാണ് വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ കടമ്പനാട് മണ്ണടിക്കാലയിൽ ചന്ദ്രമതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുന്നതിനിടയിലാണ് വള്ളികുന്നം എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.

കഴിഞ്ഞ നവംബർ 13ന് ഈ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടയിൽ കായംകുളം പുതുപ്പള്ളി സ്വദേശി കനകമ്മയുടെ മൂന്നുപവന്റെ മാലയും, ചേരാവള്ളി സ്വദേശി അമ്പിളി, അടൂർ ഏനാത്ത് സ്വദേശി ശാന്ത എന്നിവരുടെ മൂന്നരപവൻ വീതമുള്ള മാലകളും മോഷണം പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ സിസി ടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചു പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തിയ ഇവർ മോഷണം നടത്തുന്നതിനിടയിൽ പിടിയിലാകുകയായിരുന്നു.

പാലക്കാട് ചിറ്റൂർ, തൃശൂർ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ മാല മോഷണത്തിനു കേസ് നിലവിലുണ്ടെന്നും അന്തർ സംസ്‌ഥാന മോഷണസംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. അഡീഷണൽ എസ്ഐ രാജേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഷാനവാസ്, വിനോദ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രമ്യ, സൗമ്യ, അനൂപി എന്നിവരും മോഷണ സംഘത്തെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.