ഇതാണ് യഥാർഥ ജനമൈത്രി

07:54 AM Jan 05, 2017 | Deepika.com
വൈക്കം: ഭർത്താവ് മരണപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലായ നിർധന കുടുംബത്തിന് വീടു നിർമിച്ചു നൽകാൻ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സുമനസുകൾ രംഗത്തെത്തി.

ചെമ്മനാകരി കൊടുപ്പാടത്ത് ചെനക്കാവിൽ മിനി സന്തോഷിനും മക്കൾക്കുമാണ് ജനമൈത്രി പോലീസ് തലചായ്ക്കാനിടമൊരുക്കാൻ പദ്ധതി തയാറാക്കിയത്.

ഒറ്റമുറി ഷെഡിന്റെ അസൗകര്യങ്ങൾക്കിടയിലാണ് മിനി പത്തിലും ആറിലും പഠിക്കുന്ന രണ്ട് ആൺമക്കളുമായി താമസിച്ചു വരുന്നത്. ഇവരുടെ ജീവിത ദുരിതമറിഞ്ഞ് ജനമൈത്രി പോലീസ് വീട് നിർമിച്ചു നൽകുന്നതിനു മുന്നോട്ടു വരികയായിരുന്നു.

കെട്ടിടനിർമാണസാമഗ്രികൾ സുമനസുകളിൽ നിന്നു സ്വീകരിച്ചാണ് നിർമാണം നടത്തുന്നത്. പത്തുലക്ഷത്തോളം രൂപ ചെലവു വരുന്ന വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സഹായങ്ങൾ നൽകാൻ ജനപ്രതിനിധികളും ജനമൈത്രി പോലീസിനൊപ്പം കൈകോർക്കുന്നുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ പഞ്ചായത്ത് അംഗം ശരത്കുമാർ കൺവീനറായും കെ.എസ്.വേണുഗോപാൽ ചെയർമാനായും ഭവനനിർമാണ കമ്മിറ്റി രൂപീകരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് നടന്ന കട്ടള വയ്പു ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി.രമ, ജനമൈത്രി സമിതി കൺവീനർ അബു, സമിതി അംഗം സജീവൻ അക്കരപ്പാടം, സിവിൽ പോലീസ് ഓഫീസർ ജയറാം, അൽ അമീൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.