ചോരയും കണ്ണീരും ഒഴിയാതെ പാതകൾ

03:16 AM Jan 05, 2017 | Deepika.com
കാസർഗോഡ്: അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ജില്ലയിലെ പാതകളെ കൊലക്കളങ്ങളാക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവനുകൾ. ഇതിൽ ബഹുഭൂരിഭാഗവും ദേശീയപാതയിലാണ് നടന്നത്. മതിയായ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും അപകടത്തിനു വഴിവയ്ക്കുന്നു.

കഴിഞ്ഞ ഡിസംബർ അഞ്ചിനു പുലർച്ചെ കുമ്പള ആരിക്കാടിയിൽ റോഡ് മുറിച്ചുകടക്കവെ കർണാടക തുംകൂർ സ്വദേശി സതീശ (40) കാറിടിച്ച് മരിച്ചിരുന്നു. 16ന് അജാനൂർ കൊത്തിക്കാലിലെ അഞ്ചുവയസുകാരൻ സിനാൻ റോഡ് മുറിച്ചുകടക്കവെ ഓട്ടോയിടിച്ചു മരിച്ചു. 19നു ബന്തിയോട്ട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കുമ്പള കളത്തൂരിലെ മുഹമ്മദ് സിറാജ് (25) മരിച്ചു. 18 ന് ബസ് യാത്രക്കിടെ തല വൈദ്യുതതൂണിലിടിച്ച് മധൂർ എസ്പി നഗറിലെ മുഹമ്മദ് ഹാഫിസ് (18) മരിച്ചു. 20നു ചാലിങ്കാലിലെ പുല്ലൂർ–പെരിയ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബൈക്കും ലോറിയുമായി കൂട്ടിയിടിച്ച് പ്രവാസിയായ ചിറ്റാരിക്കാൽ പുതുമന അറയ്ക്കൽ ജയ്മോൻ ചാക്കോ (40) മരിച്ചു. 23നു കുണിയയിൽ ടാങ്കിൽ ലോറിക്കു പിന്നിൽ കാറിടിച്ച് എആർ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ടി.വി.പത്മനാഭൻ (40) മരിച്ചു.

25നു രാത്രി ബേക്കൽ തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം സ്കൂട്ടർ വൈദ്യുതതൂണിലിടിച്ച് ബേക്കൽ സ്വദേശി ശിവകുമാർ (45), ബന്ധു ഷൺമുഖൻ (56) എന്നിവർ മരിച്ചു. അതേദിവസം തന്നെ ബന്തിയോട്ട് റോഡ് മുറിച്ചുകടക്കവേ മുട്ടം കുനിൽ സ്വദേശി അബ്ദുൾ റഹ്മാൻ കാറിടിച്ച് മരിച്ചു. 28നു രാവിലെ മൊഗ്രാൽ കൊപ്രബസാറിൽ വാൻ വോൾവോ ബസുമായി കൂട്ടിയിച്ച് ബന്തടുക്ക കാട്ടിപ്പള്ളം സ്വദേശി ഉജ്വൽനാഥ് (19), ചെർക്കള സ്വദേശി മഷൂദ് (22) എന്നിവർ മരിച്ചു. അതേദിവസം തന്നെയാണ് ബസിൽ ബൈക്കിടിച്ച് ആദൂർ പള്ളത്തെ സവാദ് (27), കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലെ ജയേഷ് (32) എന്നിവർ മരിച്ചത്. ഇന്നലെ ഉപ്പളയിൽ നടന്ന മരണത്തിലെ നാലുപേരുടെ മരണമാണ് ഇതിലേറ്റവും അവസാനത്തേത്.