വിനോദയാത്രാ ബസിൽ ലോറിയിടിച്ചു അഞ്ചു വിദ്യാർഥികൾക്കു പരിക്ക്

03:16 AM Jan 05, 2017 | Deepika.com
പയ്യന്നൂർ: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്രയ്ക്കു പോയ ബസിൽ ഇരുമ്പ് ഉപകരണങ്ങൾ കയറ്റിവന്ന ട്രെയിലർ ലോറിയിച്ച് കാസർഗോഡ് കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികൾക്ക് പരിക്കേറ്റു. കാസർഗോഡ് കാറഡുക്ക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മുള്ളേരിയ നീരോടിപ്പാറയിൽ മധുസൂദനന്റെ മകൻ അഖിൽ (15), അടുക്കത്തെ ശ്രീവത്സത്തിൽ ജയകുമാറിന്റെ മകൾ ഐശ്വര്യ (15), മൗവ്വലിലെ കോളിക്കൽ ശ്രീധര ഭട്ടിന്റെ മകൾ അശ്വതി (15), കാറഡുക്കത്തെ വടക്കേക്കര നാരായണന്റെ മകൾ ശോഭിത (15) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും തലയ്ക്കു സാരമായി പരിക്കേറ്റ കീഴടുക്കത്തെ എം.സി.രാജന്റെ മകൻ ശബരീനാഥി (15) നെ പരിയാരം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെ ദേശീയപാതയിൽ വെള്ളൂർ ബാങ്കിനു സമീപത്തായിരുന്നു അപകടം. വിനോദയാത്ര കഴിഞ്ഞു തിരിച്ചു കാസർഗോഡേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.

സ്കൂളിലെ 10–ാം ക്ലാസിലെ 92 വിദ്യാർഥികളും അധ്യാപകരുൾപ്പെടെ രണ്ടു ബസുകളിലായി 31 ന് വൈകുന്നേരമായിരുന്നു ഇടുക്കി, മൂന്നാർ വിനോദയാത്രയ്ക്കു പുറപ്പെട്ടത്. തിരിച്ചുവരുന്നതിനിടെ ഇതിൽ ഒരുബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഹൈദരാബാദിൽനിന്നും കണ്ണൂർ മൂർഖൻപറമ്പ് വിമാനത്താവളത്തിലേക്ക് ഇരുമ്പ് ഉപകരണങ്ങൾ കയറ്റി വരികയായിരുന്ന ടിഎൻ 88ബി 1723ട്രെയിലറിൽ നിന്നും പുറത്തേക്കു തള്ളിനിന്നിരുന്ന ഇരുമ്പുസാധനങ്ങൾ ഇടിച്ചായിരുന്നു അപകടം. ട്രെയിലറിൽ നിന്നും ഒരുമീറ്ററോളം പുറത്തേക്ക് ഇരുഭാഗങ്ങളിലുമായിതള്ളിനിൽക്കുന്ന നിലയിലായിരുന്നു ഇരുമ്പ് ഉപകരണങ്ങൾ കയറ്റിയിരുന്നത്.

ബസിന്റെ പിൻഭാഗത്താണു ട്രെയിലർ ഇടിച്ചത്. ശബരിനാഥിന്റെ തലയിൽ ഇരുമ്പ് ഉപകരണങ്ങൾ കൊണ്ടാണു സാരമായി പരിക്കേറ്റത്. അപകടമുണ്ടായയുടൻ ലോറി ഡ്രൈവറും സഹായിയും ഇറങ്ങിയോടി. പിന്നീട് ട്രെയിലറിന്റെ ഡ്രൈവർ ചെന്നൈ മണാലി ദ്വാരകാനഗറിലെ മണികണ്ഠൻ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.