കാഞ്ഞങ്ങാട് നഗരത്തിൽ രാഷ്ര്‌ടീയ പാർട്ടികൾക്കും മതസംഘടനകൾക്കും പ്രചാരണത്തിനു വിലക്ക്

03:16 AM Jan 05, 2017 | Deepika.com
കാഞ്ഞങ്ങാട്: നഗരത്തിൽ രാഷ്ര്‌ടീയപാർട്ടികൾക്കും മതസംഘടനകൾക്കും പ്രചാരണം നടത്തുന്നതിനും പരസ്യങ്ങൾ പതിക്കുന്നതിനും പോലീസ് വിലക്ക് ഏർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തുന്നവർക്കും പൊതുസ്‌ഥലങ്ങളിലും വൈദ്യുത തൂണുകളിലും പോസ്റ്ററുകളും പരസ്യങ്ങളും പതിക്കുന്നവർക്കും എതിരേ പോലീസ് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനം.

രാഷ്ര്‌ടീയ പാർട്ടികളും ജാതി–മത സംഘടനകളും മുൻകൂർ അനുമതിയില്ലാതെ പ്രകടനം നടത്തിയാൽ അവരുടെ നേതാക്കൾക്കെതിരേയാകും കേസെടുക്കുക. പൊതുസ്‌ഥലങ്ങളിൽ ചുവരെഴുത്തുകളും പോസ്റ്ററുകളും സ്‌ഥാപിച്ചാൽ അതതു സംഘടനകളുടെ പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുക്കും. രാഷ്ര്‌ടീയ അക്രമങ്ങളും ചേരിതിരിഞ്ഞുള്ള മറ്റു സംഘർഷങ്ങളും ഒഴിവാക്കാനാണ് പോലീസിന്റെ നടപടി.