രാജപുരം ബൈബിൾ കൺവെൻഷൻ രജത ജൂബിലി വർഷത്തിലേക്ക്

03:16 AM Jan 05, 2017 | Deepika.com
രാജപുരം: മലയോര കുടിയേറ്റ മേഖലയിൽ അനുഗ്രഹമഴ ചൊരിഞ്ഞ രാജപുരം ബൈബിൾ കൺവെൻഷൻ ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുകയാണ്. 1991ൽ രാജപുരം ദേവാലയത്തിന്റെ തെങ്ങിൻതോപ്പിൽ തുടക്കംകുറിച്ച കൺവെൻഷൻ തുടർന്നുള്ള വർഷങ്ങളിൽ പൈനിക്കര, ചുള്ളിക്കര എന്നിവിടങ്ങളിൽ നടത്തി. ആദ്യകാലങ്ങളിൽ മൂന്നു വർഷത്തിലൊരിക്കൽ നടത്തിയ കൺവെൻഷൻ കഴിഞ്ഞ മൂന്നു വർഷമായി രാജപുരം സ്കൂൾ ഗ്രൗണ്ടിലാണ് നടന്നുവരുന്നത്. 1991ൽ കോട്ടയം അതിരമ്പുഴ കാരിസ് ഭവൻധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജയിംസ് മഞ്ഞാക്കലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവൻഷൻ നടത്തിയത്. തുടർന്നു പ്രശസ്തരും പണ്ഡിതരുമായ വചന പ്രഘോഷകരും ശാലോം ടീം, ഡിവൈൻ ധ്യാനകേന്ദ്രം ടീം എന്നിവരുടെ നേതൃത്വത്തിലും കൺവെൻഷൻ നടത്തി.

ഓരോ കൺവെൻഷനുകളിലും ആയിരക്കണക്കിനു വിശ്വാസികളാണു വിവിധ സ്‌ഥലങ്ങളിൽനിന്നു വചന സന്ദേശം ശ്രവിക്കാനെത്തുന്നത്. പ്രതിസന്ധികൾക്കിടയിൽ ജീവിക്കുന്നവർക്കു നന്മയും തിന്മയും തിരിച്ചറിഞ്ഞു ബൈബിൾ അധിഷ്ഠിതമായ ജീവിതംനയിക്കുന്നതിനു കൺവെൻഷനുകൾ പ്രേരകമാകുന്നു.

പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള അണക്കര മരിയൻ ധ്യാന കേന്ദ്രം ടീമാണ് 11 മുതൽ 15വരെനടക്കുന്ന ഇത്തവണത്തെ കൺവെൻഷനു നേതൃത്വം നൽകുന്നത്. രാജപുരം ബൈബിൾ കൺവൻഷന്റെ രജതജൂബിലിയും കത്തോലിക്ക കരിസ്മാറ്റിക് പ്രസ്‌ഥാനത്തിന്റെ സുവർണജൂബിലിയും ക്നാനായ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്ന വേളയിൽ വിശ്വാസി സമൂഹം കൺവെൻഷൻ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി ചെയർമാനായും പനത്തടി ഫൊറോന വികാരി ഫാ. തോമസ് പൈമ്പിള്ളിൽ കൺവീനറുമായും സംഘാടക സമിതി രൂപീകരിച്ചു. തോമസ് പടിഞ്ഞാറ്റുമ്യാലിലാണ് കോ–ഓർഡിനേറ്റർ. വിവിധ സബ് കമ്മിറ്റികളും കൺവൻഷന്റെ വിജയത്തിനിനായി പ്രവർത്തിച്ചുവരുന്നു.