കൗമാരകലയ്ക്ക് ഇന്ന് അരങ്ങുണരും

03:16 AM Jan 05, 2017 | Deepika.com
തൃക്കരിപ്പൂർ: ജില്ലാ കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങൾ ഇന്ന് നടക്കും. 71 ഇനങ്ങളിലായി 394 വിദ്യാർഥികൾ ആദ്യദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കും. 11 വേദികളിലായാണ് മത്സരം. നാളെ സ്റ്റേജ് മത്സരങ്ങൾക്കു തുടക്കമാവും. ജനറൽ വിഭാഗത്തിൽ 212ഉം അറബിക്കിൽ 32, സംസ്കൃതത്തിൽ 37 ഇനങ്ങളിലുമാണ് മത്സരം. ആറിന് 11 വേദികളിലായി 64 ഇനങ്ങളിൽ 690 പേരും ഒമ്പതിന് ഒമ്പത് വേദികളിൽ 67 ഇനങ്ങളിലായി 1,400 പേരും മത്സരിക്കും. 10 ന് എട്ട് വേദികളിൽ 62 ഇനങ്ങളിലായി 1,300 പേരും 11ന് ആറ് വേദികളിൽ 30 ഇനങ്ങളിലായി 1,260 വിദ്യാർഥികളും മത്സരിക്കാനെത്തും. എഴിനും എട്ടിനും മത്സരമുണ്ടാവില്ല. കൂലേരി ഗവ. എൽപിയിൽ അറബിക് കലാമേളയും സെന്റ് പോൾസ് എയുപിയിൽ സംസ്കൃതോത്സവവും നടക്കും. 115 പേരടങ്ങുന്ന വിധികർത്താക്കളുമുണ്ട്.

വേദി ഒന്ന് (സ്കൂൾ ഓഫീസിന് മുൻവശം), രണ്ട് (സ്കൂൾ പ്രധാന ഗേറ്റ്), മൂന്ന് (സെന്റ് പോൾസ് എയുപി സ്കൂൾ), നാല് (പഞ്ചായത്ത് ഓഫീസിന് മുൻവശം), അഞ്ച് (മിനി സ്റ്റേഡിയം), ആറ് (കൂലേരി എൽപി സ്കൂൾ), ഏഴ് (സെന്റ് പോൾസ് എയുപി സ്കൂൾ ഹാൾ), എട്ട് (മാർക്കറ്റ് പരിസരത്തെ ബുർജ് കെട്ടിടം), ഒമ്പത് (മിനി സ്റ്റേഡിയം) എന്നിവയാണ് മത്സര വേദികൾ. സ്കൂളിന് പിന്നിലാണു ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്. ഒരേസമയം 700 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാവും.

ഒമ്പതിന് രാവിലെ 10 ന് കലാമേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം പി. കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കും. 281 ഇനങ്ങളിലായി 4,326 പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 122 പേർ അപ്പീൽ മുഖേന എത്തിയതാണ്. കോടതി അപ്പീൽ വഴിയുള്ള അപേക്ഷകൾ പരിഗണനയിലുണ്ട്. എല്ലാ ദിവസവും പായസത്തോട് കൂടിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.