വരരുതേ വരൾച്ച

03:16 AM Jan 05, 2017 | Deepika.com
ഭീമനടി: ജലസ്രോതസുകളിൽ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് മലയോരത്ത് വരൾച്ച ഭീതിയേറുന്നു. ഭീമനടി, കൊന്നക്കാട്, ബളാൽ, നർക്കിലക്കാട് എന്നിവിടങ്ങളിൽ പ്രധാന പുഴകളിലെയും തോടുകളിലെയും നീരൊഴുക്കു ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. തുലാമഴ ലഭിക്കാത്തതു കാർഷികമേഖലയെയും വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്.

തോടുകളിലേയും പുഴകളിലേയും ചെക്കുഡാമുകളിലെ ഷട്ടറുകൾ അടച്ചു വെള്ളം തടഞ്ഞുനിർത്തിയാൽ വരൾച്ച ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്. വെസ്റ്റ് എളേരി കുടിവെള്ള പദ്ധതിക്കായി മാങ്ങോട് ചൈത്രവാഹിനി പുഴയിൽ നിർമിച്ച ചെക്കുഡാമിൽ മാത്രമാണു വെള്ളം തടഞ്ഞുനിർത്തുന്നത്. പല ചെക്കുഡാമുകളും സംരക്ഷിക്കാൻ ആളില്ലാത്ത സ്‌ഥിതിയാണുള്ളത്. നീരൊഴുക്കു പൂർണമായും നിലയ്ക്കുന്നതിനു മുമ്പുതന്നെ ഷട്ടറിട്ടു ചെക്കുഡാമുകളിൽ വെള്ളം കെട്ടിനിർത്തണമെന്നാണ് ആവശ്യമുയരുന്നത്. വരൾച്ച മുന്നിൽ കണ്ട് ഫലപ്രദമായി നേരിടാനുള്ള കർമപദ്ധതികൾ തയാറായില്ലെങ്കിൽ ഇത്തവണ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും.