കുവൈറ്റ് സിറ്റി: ഒരു ദശകത്തോളമായി നീളുന്ന രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം തേടി കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു സമാധാനപരമായ സമാപ്തി. ചൊവ്വാഴ്ച രാത്രി എട്ടിന് വോട്ടിംഗ് അവസാനിച്ച് മണിക്കൂറിനകം ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി വൈകി തുടര്‍ന്നു. ബുധനാഴ്ച രാവിലെയോടെ തെരഞ്ഞെടുപ്പിലെ 50 സീറ്റുകളിലെയും വിജയികളെയും പ്രഖ്യാപിക്കും.
ഇന്ത്യയിലേതില്‍ നിന്നു വ്യത്യസ്ഥമായി കടലാസ് വോട്ടിംഗ് രീതിയാണ് കുവൈറ്റ് ഇത്തവണയും തുടര്‍ന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളേക്കാള്‍ വിശ്വാസത്യതയും സുതാര്യതയും കടലാസ് വോട്ടിനുണ്ടെന്ന് മുതിര്‍ന്ന വോട്ടറായ ബാദര്‍ അല്‍ മുത്തേരി ദീപികയോടു പറഞ്ഞു.
സുതാര്യമായ ബാലറ്റ് ബോക്സുകളില്‍ വീഴുന്ന ഓരോ വോട്ടും എല്ലാ സമയവും എല്ലാവര്ക്കും കാണാനാകും. വോട്ടെടുപ്പു പൂര്‍ത്തിയായാലുടന്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനാല്‍ തിരിമറികള്‍ക്കോ, അട്ടിമറികള്‍ക്കോ സാധ്യതയില്ലെന്ന് മറ്റൊരു വോട്ടറായ അഹമ്മദ് അല്‍ റഷീദി ചൂണ്ടിക്കാട്ടി.
രാവിലെ എട്ടിന് തുടങ്ങിയ പോളിംഗ് രാത്രി എട്ടുവരെ നീണ്ടു. കൊടുംചൂടായതിനാല്‍ വൈകുന്നേരമാണ് കൂടുതല്‍ വോട്ടര്‍മാരെത്തിയത്. യോഗ്യരായ 7,93,000-ലധികം വോട്ടര്‍മാരില്‍ എഴുപതു ശതമാനത്തിലേറെ പേര് വോട്ടെടുപ്പില്‍ പങ്കാളിയായതായാണ് ആദ്യസൂചന. കുവൈറ്റികള്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്നലെ വോട്ടു ചെയ്തതെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ വിജയന് നായര്‍ പറഞ്ഞു.
എണ്ണ ഉത്പാദക സംഘടനയായ ഒപെക് അംഗമായ കുവൈറ്റിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും പോലും സര്‍ക്കാരും പാര്‍ലമെന്റും (ദേശീയ അസംബ്ലി) തമ്മില്‍ തുടരുന്ന തര്‍ക്കം തടസമായിരുന്നു. ഇതേ തുടര്‍ന്ന് പത്തു വര്‍ഷത്തിനിടെ ഏഴാമത്തെ തെരഞ്ഞെടുപ്പാണു രാജ്യം കണ്ടത്. ഉയര്‍ന്ന എണ്ണവിലയുള്ളതിനാല് ലോകത്തിലെ തന്നെ ഏറ്റവും ആളോഹരി വരുമാനമുള്ള സമ്പന്ന രാജ്യങ്ങളിലാന്നായ കുവൈറ്റില്‍ പക്ഷേ തര്‍ക്കങ്ങള്‍ക്കു പരിഹാരമില്ല. ഇന്ത്യക്കാരും അടക്കം വിദേശികളും രാജ്യം വിട്ടുതുടങ്ങുന്നതിന്റെ സൂചനകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം നേട്ടമുണ്ടാക്കിയിരുന്നു. സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പ്രത്യേകാധികാരം ഉപയോഗിച്ച് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് പാര്‍ലമെന്റ് വീണ്ടും പിരിച്ചുവിടുകയായിരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമേറിയതും ചടുലവുമായ കുവൈറ്റിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് ഇത്തവണയെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കുവൈറ്റിലെ മലയാളി സമൂഹവും പ്രതികരിച്ചു. ഇന്ത്യക്കാര്‍ അടക്കം വിദേശികള്‍ക്കു വോട്ടവകാശമില്ല.
ആകെയുള്ള 50 സീറ്റിലേക്ക് 13 വനിതകള്‍ അടക്കം 207 സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നിരോധനമുള്ള കുവൈറ്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കു മേധാവിത്വം ഉണ്ടായാല്‍ ഭരണ പ്രതിസന്ധി നീളാനിടയുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ പരിഷ്കരണം വേണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഏതു തരത്തിലുള്ള പരിഷ്കരണമാണു മികച്ചതെന്നതിനെക്കുറിച്ച് ഇനിയും യോജിപ്പില്ല.
പ്രതിസന്ധിക്കു പരിഹാരം തേടി കുവൈറ്റില്‍ പുതിയ പാര്‍ലമെന്റ്
07:27 AM Jun 07, 2023 | Deepika.com