ദമാം: നവയുഗം സാംസ്കാരിക വേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "മേടനിലാവ് 2023' അരങ്ങേറി.
സംഗീതത്തിന്റെയും നൃത്തത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമേളം തീർത്ത് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് മറക്കാനാകാത്ത ഒരു ദിനം സമ്മാനിച്ചാണ് പരിപാടി സമാപിച്ചത്.
ദമാം അൽ ജേഷിൽ അരങ്ങേറിയ "മേടനിലാവ് 2023' പരിപാടി വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടർന്ന് സ്ത്രീകൾക്ക് വേണ്ടിയുള്ള പുഡിംഗ് മേക്കിംഗ്, മെഹന്ദി മത്സരങ്ങൾ നടന്നു. പുഡിംഗ് മേക്കിംഗ് മത്സരത്തിൽ ആയിഷ ഷാഹീൻ ഒന്നാം സ്ഥാനവും റുക്സാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെഹന്ദി മത്സരത്തിൽ മാഷിത ഒന്നാം സ്ഥാനം നേടി.
വൈകുന്നേരം നടന്ന കലാസന്ധ്യക്ക് സുറുമി നസീം, അമീന എന്നിവർ അവതാരകരായി. നൂറിലധികം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങൾ പ്രേക്ഷകരിൽ ഒരു ഉത്സവകാലത്തിന്റെ പ്രതീതി ഉണർത്തി.
സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടുകൾ, മനോഹരമായ ഗാനങ്ങൾ, വിവിധ ശാസ്ത്രീയ, സെമി-ക്ലാസിക്ക് നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തങ്ങൾ, ഒപ്പന, വ്യത്യസ്തമായ നൃത്ത ശിൽപം, വിവിധ വാദ്യോപകരണ പ്രകടനങ്ങൾ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കാണികളെ ഹരം കൊള്ളിച്ചു.
പ്രവാസലോകത്തെ നിസ്വാർഥ പ്രവർത്തനങ്ങൾ പരിഗണിച്ച് ജുബൈലിലെ ജീവകാരുണ്യപ്രവർത്തകൻ മുഹമ്മദ് യാസീനെ ചടങ്ങിൽ ആദരിച്ചു. നൃത്താധ്യാപകർക്കും കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും മത്സരവിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിക്ക് നവയുഗം നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, മഞ്ജു മണിക്കുട്ടൻ, സജീഷ് പട്ടാഴി, മുഹമ്മദ് റിയാസ്, പ്രിയ ബിജു, സാജൻ കണിയാപുരം, പ്രിജി, പ്രഭാകരൻ, മിനിഷാജി, നിസാം കൊല്ലം, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, സംഗീത സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, വർഗീസ്, രാജൻ കായംകുളം, ഉണ്ണി മാധവം, നയിഫ്, നാസർ കടവിൽ, ഷിബുകുമാർ, ഷീബ സാജൻ, വിനീഷ്, മീനു അരുൺ, സന്തോഷ് കുമാർ, മഞ്ജു അശോക്, സന്തോഷ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, അമീന റിയാസ്, അനീന നിയാസ്, അർഷാന നൈഫ്, റിയാസ്, ആതിര ദിലീപ്, സാജൻ എന്നിവർ നേതൃത്വം നൽകി.
നവയുഗം കുടുംബവേദിയുടെ "മേടനിലാവ് 2023' അരങ്ങേറി
05:36 PM Jun 02, 2023 | Deepika.com