കുവൈത്ത് സിറ്റി: ഇന്ത്യൻ പൈതൃകത്തിന്റെ മഹിമ വിളിച്ചോതുന്ന നാടൻ കലാരൂപങ്ങൾ വിസ്മയം തീർത്ത ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’ മനോഹരമായ ഒരു ദൃശ്യ വിരുന്നായി മാറി. മാർച്ച് 17,18 തീയതികളിൽ സാൽമിയ അബ്ദുൽ ഹുസൈൻ അബ്ദുൽ രിദ തിയറ്റർ, യാർമൂക് കൾച്ചറൽ സെന്റർ-ദാർ അൽ അതാർ ഇസ്ലാമിയ എന്നിവിടങ്ങളിലാണ് കലാ പ്രകടനങ്ങൾ അരങ്ങേറിയത്.
ഹസൻ ഖാൻ ആൻഡ് ഗ്രുപ്പിന്റെ നാടോടി നൃത്തം മുതൽ അനിരുദ്ധ് വർമയുടെയും സംഘത്തിന്റെയും ബോളിവുഡ് ഫ്യൂഷൻ, ഖുതുബി ബ്രദേഴ്സിന്റെ ഖവാലി വരെ അരങ്ങുവാണു.
സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഇന്ത്യ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഇന്ത്യൻ വിദേശകാര്യ-സാംസ്കാരിക സഹമന്ത്രി മീനാകാശി ലേഖി ഓൺലൈനായി പരിപാടി ഉത്ഘാടനം ചെയ്തു.
പരിപാടിക്ക് ആശംസകൾ നേർന്ന മീനാക്ഷി ലേഖി ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധം ശക്തമായി തുടരുമെന്നും വ്യക്തമാക്കി.
അംബാസഡർ ഡോ. ആദർശ് സ്വൈക, മുതിർന്ന എംബസി ഉദ്യോഗസഥർ എന്നിവർ സന്നിഹിതരായി. കുവൈത്തിൽ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് ഇതെന്നും സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംടിപ്പിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ രണ്ടു ദിവസങ്ങളിലായുള്ള പരിപാടി ആസ്വദിക്കാനെത്തി. കുവൈറ്റ് ഗവർമെന്റിന്റെ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ , നാഷണൽ കൌൺസിൽ ഫോർ കൽച്ചർ , ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻസിസിഎഎൽ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത് .
ഇന്ത്യൻ കലാ പൈതൃകം വിളിച്ചോതി "ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈറ്റ്'
12:53 PM Mar 20, 2023 | Deepika.com