കുവൈറ്റ്: "ടോംടോം ട്രാഫിക് ഇൻഡക്സ്" സൂചിക അനുസരിച്ച് ലോകത്തെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് കുവൈറ്റെന്ന് കണ്ടെത്തി.
കുവൈറ്റിൽ 10 കിലോമീറ്റർ ദൂരം ഉൾക്കൊള്ളാൻ ശരാശരി പന്ത്രണ്ടര മിനിറ്റ് എടുക്കുമ്പോൾ ഏറ്റവും തിരക്കുള്ള നഗരമായി കണ്ടെത്തിയ ലണ്ടനിൽ ഇത് മുപ്പത്തിയാറു മിനിറ്റാണ്. തിരക്കുള്ള സമയത്തെ ശരാശരി വേഗത മണിക്കൂറിൽ 44 കിലോമീറ്ററാണ് കുവൈറ്റിൽ. ഒരു ഡ്രൈവർ തിരക്കുള്ള സമയത്ത് 106 മണിക്കൂർ റോഡിൽ ചെലവഴിക്കുന്നതായും സൂചികയെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട് ചെയ്യുന്നു. തിരക്കി ന്റെ കാര്യത്തിൽ കുവൈറ്റ് സിറ്റി ആഗോളതലത്തിൽ 273-ാമതും ഏഷ്യൻ രാജ്യങ്ങളിൽ 30-ാമതും അറബ് ലോകത്ത് എട്ടാം സ്ഥാനത്തുമാണ്.
സൂചിക അനുസരിച്ച്, കാർ യാത്രക്കാർക്ക് ഏറ്റവും മോശം നഗരമായി ലണ്ടൻ തുടരുന്നു. 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റ് എടുക്കും. ഇത് മുൻവർഷത്തേക്കാൾ ഏകദേശം രണ്ട് മിനിറ്റ് കൂടുതലാണ്. ഇതേ ദൂരം പിന്നിടാൻ ശരാശരി 29 മിനിറ്റ് എടുക്കുന്ന ഇന്ത്യൻ നഗരമായ ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ന്യൂയോർക്ക് സിറ്റിയിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 24.5 മിനിറ്റ് വേണം. വാഷിംഗ്ടൺ, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങൾ അടുത്ത സ്ഥാനങ്ങളിൽ വരുന്നു.
ഏറ്റവും കുറഞ്ഞ ശരാശരി സമയം കൊണ്ട് 10 കിലോമീറ്റർ പിന്നിടാൻ പറ്റുന്ന ഒക്ലഹോമ നഗരത്തിൽ 8.4 മിനിറ്റ് മതിയാകുമ്പോൾ തൊട്ടടുത്ത് വരുന്ന ഒർലാൻഡോ നഗരത്തിൽ 10 മിനിറ്റും 20 സെക്കൻഡുമാണ് വേണ്ടത്.
ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ കുവൈറ്റും
07:03 AM Mar 09, 2023 | Deepika.com