കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കനിവ്- 2023 , മെഗാ പ്രോഗ്രാമിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരണം അബുഹലിഫ കല സെന്ററിൽ വച്ചു നടത്തപ്പെട്ടു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ മെഗാ പ്രോഗ്രാമിനെ സംബന്ധിച്ചുള്ള വിശദീകരണം നൽകി. കല കുവൈറ്റ് സെക്രട്ടറി രജീഷ് സി, വനിതാവേദി അഡ്വൈസറി ബോർഡ് അംഗം ടി. വി ഹിക്മത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മെഗാപ്രോഗ്രാമിന്റെ നറൽ കൺവീനർ ആയി ബിന്ദു ദിലീപിനെയും കൂടാതെ വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായുള്ള റാഫിൾ കൂപ്പണുകളുടെ വിതരണോത്ഘാടനം കല കുവൈറ്റ് മുതിർന്ന അംഗം പി .ആർ. ബാബുവിന് നൽകികൊണ്ട് പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിനി റോബർട്ട് വേദിയിൽ സന്നിഹിതയായിരുന്നു .
മെയ് 19 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബാസിയയിൽ സംഘടിപ്പിക്കുന്ന കനിവ് - 2023 ഭാഗമായുള്ള സാംസ്കാരിക മേളയിൽ പ്രശസ്ത നർത്തകി മൻസിയ വി പി, പ്രശസ്ത വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ കലാവിരുന്ന് ഉണ്ടായിരിക്കുമെന്നും, കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും എൻട്രികൾ സ്വീകരിച്ചു കൊണ്ടുള്ള നാടൻ പാട്ട് മത്സരം, വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളുടെ തനതുപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വനിതാവേദി കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതം ആശംസിച്ച യോഗത്തിന് പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നന്ദി രേഖപ്പടുത്തി.
വനിതാവേദി കുവൈറ്റ് മെഗാപ്രോഗ്രാം കനിവ്- 2023 സംഘടക സമിതി രൂപീകരിച്ചു
06:46 AM Mar 09, 2023 | Deepika.com