കുവൈറ്റ് സിറ്റി: പട്ടാപ്പകൽ യുവതിയെ പിന്തുടർന്ന് ആക്രമിച്ച അജ്ഞാതനായ കുവൈറ്റി യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഒരു സഹകരണ സ്ഥാപനത്തിനകത്ത് ഇയാൾ പെണ്‍കുട്ടിയുമായി ശൃംഗരിക്കാൻ ശ്രമിക്കുകയും വഴങ്ങാതെ വന്നപ്പോൾ ആക്രമിച്ചു രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട.്
സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിച്ചതിനെ തുടർന്ന് ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. കാറിൽ നിന്ന് ഇറങ്ങിയതുമുതൽ ആൾ കാൽനടയായി തന്നെ പിന്തുടരുകയും അശ്ലീലവാക്കുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തതായും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കുവൈറ്റിൽ പട്ടാപ്പകൽ യുവതിക്കുനേരെ ആക്രമണം; പ്രതി പിടിയിൽ
06:28 AM Feb 08, 2023 | Deepika.com