ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തായുടെ പത്താമത് ദുക്റോനോ ഡിസംബർ 9, 10 തീയതികളിൽ ന്യൂയോർക്ക് ചെറി ലെയ്ൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കൊണ്ടാടുന്നു.
ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6ന് ഫിലഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർഥനയും തുടർന്ന് സുവിശേഷ പ്രസംഗവും നടത്തും. ഡിസംബർ 10 ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും, ഓർമ്മപ്രാർഥനയും യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ചെറിയാൻ നീലാങ്കൽ കോറെപ്പിസ്കോപ്പായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും. തുടന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി റവ. ഫാ. ഗ്രിഗറി വർഗീസ് അധ്യക്ഷത വഹിക്കും. റവ. ഫാ. ചെറിയാൻ നീലാങ്കൽ കോറെപ്പിസ്കോപ്പാ മുഖ്യ പ്രാസംഗികനായിരിക്കും.
ഉച്ചഭക്ഷണവും നേർച്ച വിളന്പോടും കൂടി ദുക്റോനോ ആഘോഷങ്ങൾ പര്യവസാനിക്കും. എല്ലാവരുടെയും പ്രാർഥനാപൂർവമായ സാന്നിധ്യ സഹകരണം അഭ്യർഥിക്കുന്നതായി വികാരി റവ. ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഗ്രിഗറി വർഗീസ് (വികാരി)
ട്രസ്റ്റീസ്: ജോസ് തോമസ് 631 241 5285, മാത്യു മാത്തൻ 516 724 3304,
കെൻസ് ആദായി (സെക്രട്ടറി) 347992 1154.
മാർ ബർണബാസ് മെത്രാപ്പോലീത്തായുടെ പത്താം ദുക്റോനോ ഡിസം: 9, 10 തീയതികളിൽ
05:56 AM Dec 01, 2022 | Deepika.com