കുവൈറ്റ് സിറ്റി: കുവൈറ്റിൽ രാഷ്ട്രീയ തടവുകാർക്ക് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളിൽ ഉൾപ്പടെയുള്ളവര്‍ക്ക് അമീർ നൽകിയ പൊതുമാപ്പ് പ്രാബല്യത്തിലാകും.
മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അൽ ഷതാൻ അറിയിച്ചു. ഭരണഘടനയുടെ 75-ാം വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം പാർലമെന്റ് കൈയേറ്റക്കേസിലും മറ്റും ഉൾപ്പെട്ട് വിദേശങ്ങളിൽ രാഷ്ട്രീയ അഭയം തേടിയ മുൻ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് കുവൈറ്റ് പൊതുമാപ്പ് നല്‍കിയിരുന്നു.
കുവൈറ്റിലെ രാഷ്ട്രീയ തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്
07:08 AM Nov 24, 2022 | Deepika.com