റിയാദ് : പുസ്തകങ്ങളെ സ്നേഹിക്കുന്നവർ ഏറെയുള്ള പ്രവാസലോകത്ത് മെച്ചപ്പെട്ട പുസ്തകങ്ങളുടെ ദൗർലഭ്യവും പുസ്തകങ്ങളുടെ ലഭ്യതക്കുള്ള സുലഭമാർഗവും പ്രവാസലോകത്തിന്റെ വായനയിൽ ഒരു വലിയ തടസമായിരുന്നു. ഇതിനൊരറുതി വരുത്തുന്നതിനും പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർധിപ്പിക്കുന്നതിന്റെയും ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ ലൈബ്രറിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേളി ഉമ്മുൽ ഹമാം ഏരിയ ലൈബ്രറി ഉദ്ഘാടനം ഉമുൽഹമാം ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡൻ ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിനു പുസ്തകം കൈമാറി നിർവഹിച്ചു.
ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി നൗഫൽ സ്വാഗതംപറഞ്ഞു. കേളി ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേളിയുടെ 12 ഏരിയകൾ കേന്ദ്രീകരിച്ചാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുസ്തകങ്ങളുടെ ലഭ്യത പ്രവാസികൾക്ക് എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയും മുടങ്ങിപ്പോയ വായനയിലുള്ള താൽപര്യം പുനഃസ്ഥാപിക്കാൻ മാർഗം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഏരിയതല ലൈബ്രറിയയുടെ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് പ്രവാസസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. പുസ്തക ശേഖരണങ്ങൾ ലൈബ്രറിക്ക് കൈമാറാൻ തയാറായി നിരവധി പ്രവാസികൾ മുന്നോട്ട് വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഏരിയ രക്ഷധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ഏരിയാ ട്രഷറർ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു.
കേളി കലാസാംസ്കാരിക വേദി ഉമുൽഹമാം ഏരിയ ലൈബ്രറിക്ക് തുടക്കമായി
09:29 PM Nov 20, 2022 | Deepika.com