"എഴുത്തിലെ ചരിത്രവും രാഷ്ട്രീയവും' പ്രഭാഷണവും, ചർച്ചയും സംഘടിപ്പിച്ചു

11:22 AM Nov 20, 2022 | Deepika.com
അബുദാബി: കേരള സോഷ്യൽ സെന്റർ ഐവറി ബുക്സിന്‍റെ സഹകരണത്തോടെ "എഴുത്തിലെ ചരിത്രവും രാഷ്ട്രീയവും' എന്ന വിഷയത്തിൽ പ്രഭാഷണവും , ചർച്ചയും സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണനായിരുന്നു മുഖ്യ പ്രഭാഷകൻ. തുടർന്ന് നടന്ന സംവാദത്തിൽ സഫിയുള്ള, സലിം ചോലമുഖത്ത്, മുഹമ്മദ്‌ അസ്‌ലം, മുഹ്സിൻ, റഫീഖ് സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.

സെന്റർ മിനി ഹാളിൽ നടന്ന ചടങ്ങിൽ കെ എസ് സി പ്രസിഡന്റ് വി പി കൃഷ്ണകുമാർ അദ്ധ്യഷനായിരുന്നു. ചടങ്ങിൽ ഇംഗ്ലീഷ് ഭാഷയിൽ 101 കവിതകൾ എഴുതിയ ആയിഷത്ത് ലിബാനാ ജലീൽ, യു എ ഇ തലത്തിൽ അഞ്ചാം റാങ്കോടെ എ സി സി എ മെംബറായ സഞ്ജയ് ജയചന്ദ്രൻ എന്നിവരെ കെ എസ്‌ സിയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ടി ഡി രാമകൃഷ്ണന് വി പി കൃഷ്ണകുമാർ കെ എസ് സിയുടെ സ്നേഹോപഹാരം നൽകി. ഐവറി ബുക്ക്സ് സി ഇ ഓ പ്രവീൺ വൈശാഖൻ, ആയിഷത്ത് ലിബാനാ ജലീൽ, സഞ്ജയ് ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പ്രശസ്ത എഴുത്തുകാരൻ ടി. ഡി. രാമകൃഷ്ണൻ നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചു കെ എസ്‌ സിയും മലയാളം മിഷൻ അബുദാബിയും സംയുക്തമായി സംഘടിപ്പിച്ച വായന അനുഭവ മത്സര വിജയികൾക്കുള്ള സമ്മാനദാനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും കെ എസ് സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിർവഹിച്ചു.

കെ എസ്‌ സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ നന്ദി രേഖപ്പെടുത്തി.