അബുദാബി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന യുഎഇയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും മുൻ ലോകകേരള സഭാംഗവും കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തീയേറ്റേഴ്സിന്റെയും മുൻ പ്രസിഡന്റുമായിരുന്ന കെ.ബി.മുരളിയ്ക്ക് യാത്രയയപ്പു നൽകി. കേരള സോഷ്യൽ സെന്റർ, അബുദാബി ശക്തി തിയറ്റേഴ്സ് , യുവകലാസാഹിതി, കല അബുദാബി, ഫ്രണ്ട്സ് എഡിഎംഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് യാത്രയയപ്പു നൽകിയത്.
കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് റോയ് ഐ വർഗീസ് അധ്യക്ഷനായിരുന്നു. പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും കഐസ്സി അംഗങ്ങളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആശംസ അറിയിക്കാൻ എത്തിയിരുന്നു. കഐസ്സി, ശക്തി തീയേറ്റേഴ്സ് , യുവകലാസാഹിതി, ഫ്രണ്ട്സ് എഡിഎംഎസ്, കല അബുദാബി, കൈരളി കൽച്ചറൽ ഫോറം, ഇന്ദിരാഗാന്ധി വീക്ഷണ ഫോറം, തുടങ്ങിയ സംഘനകൾ കെ ബി മുരളിക്ക് സ്നേഹോപഹാരം നൽകിയപ്പോൾ കെ എസ് സി വനിതാ വിഭാഗം അദ്ദേഹത്തിന്റെ പത്നി സുമ മുരളിക്ക് സ്നേഹോപഹാരം നൽകി. സൂരജ് പ്രഭാകറും (അഹല്യ മെഡിക്കൽ ഗ്രൂപ്പ് ) കെ കെ രാജീവനും അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി പ്രദീപ് കുറ്റിക്കോൽ നന്ദി രേഖപ്പെടുത്തി.
മുൻ ലോകകേരള സഭാംഗം കെ.ബി. മുരളിക്ക് യാത്രയയപ്പു നൽകി
07:02 AM Sep 23, 2022 | Deepika.com