ന്യൂയോർക്ക് : അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ് മേരീസ് (360 BEDFORD PARK BLVD, BRONX, NY 10458 )സെപ്റ്റംബർ 24 (ശനിയാഴ്ചയും 25 ഞായറാഴ്ച്ചയുമായി നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ. ഡോ. വർഗീസ് എം ഡാനിയൽ സ്വാഗതം ചെയ്തു .
വിദേശ മണ്ണിൽ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങൾക്കും ആതുര പ്രവർത്തനങ്ങൾക്കും കൈതാങ്ങാകുവാൻ അന്പതാണ്ടിനുള്ളിൽ ഈ ഇടവകയ്ക്ക് സാധിച്ചു.
ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ് തിരുമേനി, ഫാ. നൈനാൻ റ്റി. ഈശോ, ഫാ. പോൾ ചെറിയാൻ എന്നിവർ ഈ ഇടവകയിലൂടെ വളർന്ന് വന്നവരാണ്. ദീർഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാൻ, നിലവിലെ വികാരി റവ . ഡോ. വർഗീസ് എം.ഡാനിയൽ . എന്നിവരുടെ ശ്രേഷ്ഠമായ നേതൃത്വം ഈ ഇടവകയെ സന്പന്നമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
വചനം പറയുന്നത് പോലെ (ലേവ്യ, 25) ജൂബിലി വർഷത്തിൽ നിർദ്ധനർക്ക് ആശ്വാസമാകാനായി 50 വീടുകൾ നിർമ്മിച്ചു.നൽകാൻ ഇടവക ലക്ഷ്യമിടുന്നു . പ. ബാവ തിരുമേനിയുടെ ’സഹോദരൻ’ പദ്ധതിയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് നിരണം ഭദ്രാസനത്തിൽ ആദ്യ ഭവനത്തിന് ശിലയിട്ട് പണി തുടങ്ങി.
സെപ്റ്റംബർ 24ന് ന്യൂയോർക്ക് പോലീസ് ബാന്റിന്റെ അകന്പടിയോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെയും, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയ മാർ നിക്കോളവാസ്, അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് എന്നീ തിരുമേനിമാരേയും സ്വീകരിക്കും. തുടർന്ന് പൊതുസമ്മേളനം പരി . പിതാവ് ഉദ്ഘാടനം ചെയ്യും. 25ന് പരിശുദ്ധ ബാവ തിരുമേനി മറ്റു തിരുമേനിമാരുടെ സഹകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് ശ്ലൈഹിക വാഴ്വ് നൽകും . തുടർന്ന് മുൻ വികാരിമാരെ ആദരിക്കും.
സെപ്റ്റംബർ 24 ശനിയാഴ്ച വൈകുന്നേരം 3ന്് പ്രൊസഷൻ, 4.30 ന് സന്ധ്യാപ്രാർഥന, 5.15ന് പൊതു സമ്മേളനം, 7 മണിക്ക് ഡിന്നർ. 25 ന് ഞായറാഴ്ച്ച 8ന് പ്രഭാത പ്രാർഥന, തുടർന്ന് വി. കുർബാന, 12ന് ശ്ലൈഹീക ആശീർവാദം, 12.30 ന് ലഞ്ച് എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം.
ദേവാലയത്തിന് മുന്നിൽDOUBLE PARKING സൗകര്യം ലഭ്യമാണ് .ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യിലും പാർക്കിംഗ് സൗകര്യം ഉണ്ടാവും.
ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലിയാഘോഷം സെപ്റ്റം: 24, 25 തീയതികളിൽ
10:47 PM Sep 21, 2022 | Deepika.com