വേറിട്ടൊരാഘോഷമായി പ്രൊസ്‌പേർ മലയാളികളുടെ ഈ വർഷത്തെ ഓണാനുഭവം

07:13 PM Sep 20, 2022 | Deepika.com
ഡാളസ് : പ്രോസ്പെർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ട ഒരു അനുഭവമായി മാറി. സെപ്റ്റംബർ 18 ഞായറാഴ്ച ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ ഓണാഘോഷത്തിൽ പ്രോസ്‌പെറിലും പരിസരപ്രദേശങ്ങളിലും പാർക്കുന്ന നൂറിലധികം മലയാളികൾ പങ്കെടുത്തു.

ലീനസ് വർഗീസിന്‍റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ എല്ലാം തന്നെ കേരളത്തനിമ ഒട്ടും ചോർന്നു പോകാത്തവ ആയിരുന്നു. പ്രഫ.ഡോ. കെ ബാലകൃഷ്ണൻ, പ്രവീണ ടീച്ചർ, രമ്യ അഭിലാഷ്, അഞ്ചു ജിബിൻസ് എന്നിവർ ഒരുക്കിയ അത്തപ്പൂക്കളം ഏറെ മനോഹരമായിരുന്നു. തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയെല്ലാം, കൂടി വന്നവരിൽ ഏറെ ആഹ്ലാദം ഉളവാക്കി. പുണ്യ, ജെനി, അലീന, ധന്യ, അനു, ഡിറ്റി, അനഘ, സീമ, ഹിമ അഭിലാഷ്,ഹന്ന യോഹന്നാൻ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ കലാവിരുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജിബിൻസ് ഇടുക്കി, അഭിലാഷ് വലിയ വളപ്പിൽ, ബിനോയ് കിടിലം, രാജപുരം അജീഷ്, ജെറി അത്തോളി, കൊഴുമൽ ശ്യാം,സജി തൃക്കൊടിത്താനം സാമുവൽ പനവേലി എന്നിവരുടെ നിസ്വാർത്ഥ സേവനം ഈ പരിപാടികൾ ഏറെ മനോഹരമാക്കുന്നതിന് സഹായകരമായി. മലയാളത്തനിമ ഒട്ടും ചോർന്നു പോകാതെ ഒരുക്കിയ ഓണസദ്യ ഏറെ ഹൃദ്യമായിരുന്നു.