ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണം ശനിയാഴ്ച, എൽദോ പൗലോസ് എംഎൽഎ മുഖ്യാതിഥി

02:19 PM Aug 12, 2022 | Deepika.com
ഫിലഡൽഫിയാ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണം ഓഗസ്റ്റ് 20 ശനിയാഴ്ച്ച നടക്കും. അറുപതിനായിരം ഡോളറിന്‍റെ ആഘോഷ ബജറ്റിലാണ് ലോകത്ത് എല്ലായിടത്തുമുള്ള 2022 ലെ തിരുവോണാഘോഷങ്ങൾക്ക് നാന്ദി കുറിച്ച് ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'അതിരുകാണാ തിരുവോണം' കൊണ്ടാടുന്നത്.

സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസന്‍റ് ഇമ്മാനുവേൽ ( റിസോഴ്സസ് വൈസ് ചെയർമാൻ), രാജൻ സാമുവേൽ ( അവാർഡ് കമ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസൻ്റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അമ്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്.

എൽദോ കുന്നപ്പള്ളിയെ അതിരുകാണാ തിരുവോണാഘോഷസമ്മേളനത്തിൽ കേരള പ്രതീക ദീപം അവാർഡ് നൽകി ആദരിക്കുന്നു എന്ന് ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു. എൽദോ കുന്നപ്പള്ളി ഏറ്റവും സാധാരണമായ അദ്ധ്വാന വർഗ ജീവിത ക്ലേശ സാഹചര്യങ്ങളിൽ നിന്ന് കഠിനാദ്ധ്വാനവും സമൂഹ സേവന മികവും ഈശ്വര ഭക്തിയും പുലർത്തി ശോഭിച്ച യുവവ്യക്തിത്വമാണ് എന്നതാണ് അദ്ദേഹത്തെ ആദരിക്കുന്നതിന് കാരണമെന്ന് ജനറൽ സെക്രട്ടറി റോണി വർഗീസ് പറഞ്ഞു.