കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായും കാസർകോഡ് ഉത്സവ് 2022ന്റെ പ്രചരണാർഥവും കെഇഎ കുവൈറ്റ് സിറ്റി ഏരിയ സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാന്പ് ഓഗസ്റ്റ് 26 വെള്ളിയാഴ്ച 2 മുതൽ ജാബിരിയ ബ്ലഡ് ബാങ്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് റസാഖ് ചെമ്മനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റായി അനുരാജ് ശ്രീധരനെ തെരഞ്ഞെടുത്തു. രക്തദാനത്തിന്റെ പോസ്റ്റർ കേന്ദ്ര പ്രസിഡന്റ് പി.എ നാസർ പ്രകാശനം ചെയ്തു. കെഇഎയുടെ 18-ാം വാർഷികത്തിന്റെ ഭാഗമായി നവംബർ 11 ന് അബാസിയ സെൻട്രൽ സ്കൂളിൽ നടത്തുന്ന ബദർ അൽ സമാ കാസർകോട് ഉത്സവ് 2022 വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു. ജനറൽ കണ്‍വീനർ അബ്ദുള്ള കടവത്ത്, കണ്‍വീനർ ഹനീഫ പാലായി. കേന്ദ്ര ഭാരവാഹികളായ അസീസ് തളങ്കര, ഹാരിസ് മുട്ടുംതല, ഉമ്മർ ഉപ്പള, മൊയ്ദീൻ ജവാസ് എന്നിവർ സംസാരിച്ചു ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും ഏരിയ ട്രഷറർ മുസ്തഫ ചെമ്മനാട് നന്ദിയും പറഞ്ഞു.
കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാന്പ് ഓഗസ്റ്റ് 26ന് ജാബിരിയ ബ്ലഡ്ബാങ്കിൽ
12:52 AM Aug 11, 2022 | Deepika.com