അനുമതിയില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും

09:40 AM Jul 30, 2022 | Deepika.com
അബുദാബി: വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത പിഴയും ജയിൽ ശിക്ഷയും ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി ഭരണകൂടം വ്യക്തമാക്കി.

അനുമതിയില്ലാതെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നവർക്ക് അഞ്ചുലക്ഷം ദിർഹം പിഴയും ആറുമാസംവരെ തടവുമാണ് ലഭിക്കുക.

ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിലൂടെ വ്യക്തിഗതവിവരങ്ങൾ പകർത്തുകയോ അനുവാദമില്ലാതെ അവ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു.

അപകടങ്ങളിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങൾ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ചിത്രങ്ങളും ശബ്ദരേഖകളും വീഡിയോകളും മാറ്റംവരുത്തി പ്രചരിപ്പിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പെടും.