അബുദാബി മാർത്തോമ ഇടവക സുവർണ ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി

09:22 PM Jul 01, 2022 | Deepika.com
അബുദാബി: പ്രവാസ ഭൂമിയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി മാർത്തോമാ ഇടവകയുടെ സുവർണ ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി.

ജൂലൈ രണ്ടിന് (ശനി) മുസഫ മാർത്തോമ പള്ളിയിലാണ് മൂന്നു ദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനം സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. യുഎഇ സഹിഷ്ണുത കാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ മുഖ്യാതിഥിയായി പങ്കെടുക്കും. സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി , ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, സെന്‍റ് ആൻഡ്രൂസ് സീനിയർ ചാപ്ലിൻ റവ. ക്രിസ്റ്റീൻ ട്രെയിനർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


1971ൽ ഒരു ചെറിയ കൂട്ടമായി ആരംഭിച്ച് , ഇന്ന് മാർത്തോമാ സഭയിലെ തന്നെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി മാറിയിരിക്കുകയാണ് അബുദാബി മാർത്തോമ ഇടവക. സുവർണ ജൂബിലിയോടനുബന്ധിച്ച് മണ്ണാറക്കുളഞ്ഞിയിൽ സ്വാന്ത്വന പരിപാലന കേന്ദ്രം , നിർധനരായവർക്കുള്ള വിദ്യാഭ്യാസ സഹായം , ഭവന നിർമാണ സഹായം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണെന്നു ജനറൽ കൺവീനർ സജി തോമസ് പറഞ്ഞു. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത , തോമസ് മാർ തിമോത്തിയോസ്, ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത്ത് ഈപ്പൻ തോമസ്, സെക്രട്ടറി അജിത് എ.ചെറിയാൻ, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ട്രസ്റ്റിമാരായ തോമസ് എൻ. എബ്രഹാം, എ.ജെ. സ്കറിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.