അബുദാബി: കേരളത്തിന്റെ ഉൽപന്നങ്ങൾ ഗൾഫ് വിപണികളിൽ എത്തിക്കുന്നതിന് മലയാളികളായ വ്യാപാരികൾ ശ്രദ്ധ ചെലുത്തണമെന്നു കേരളത്തിന്റെ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ അഭിപ്രായപ്പെട്ടു. അബുദാബിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തനതു ഉൽപന്നങ്ങളായ സുഗന്ധദ്രവ്യങ്ങൾ അടക്കമുള്ളവയുടെ വിൽപന കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ എന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കേരളത്തിലെ നാണ്യവിളകൾ പ്രതിസന്ധി നേരിടുകയാണ്. വിപണിയിൽ സർക്കാർ നേരിട്ട് ഇടപെട്ട് കർഷകർക്ക് ഗുണഫലം ലഭ്യമാക്കുന്നത് ഉറപ്പു വരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സഞ്ജീബ് പട് ജോഷിയും, ശബരി പ്രീമിയം ടീ യുടെ ജിസിസിയിലെ അംഗീകൃത വിതരണക്കാരായ ബി - ഫ്രഷ് മാനേജിംഗ് ഡയറക്ടർ പി.വി. അബ്ദുൾ നിസാർ, ജനറൽ മാനേജർ നഷീം എ.എൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസി മലയാളി വ്യാപാരികൾ കേരള ഉൽപന്നങ്ങളെ ഗൾഫ് നാടുകളിലെത്തിക്കണം: മന്ത്രി ജി.ആർ അനിൽ
11:15 PM Jun 23, 2022 | Deepika.com