ഒട്ടാവ: സൈന്യങ്ങളുടെ കർത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീർത്തകന്റെ പ്രാർഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സെക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലകാട്ടു പിതാവ് നിർവഹിച്ചു. തുടർന്ന് മിസിസാഗ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവ് ദിവ്യബലി അർപ്പിച്ചു.
സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ മിഷ്യൻ ലണ്ടൻ ഇടവകയായി ഉയർത്തികൊണ്ടും പ്രഥമ വികാരിയായി റവ. ഫാ പത്രോസ് ചന്പക്കരയെ നിയമിച്ചുകൊണ്ടുമുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസലർ റവ. ഫാ. ടെൻസണ്‍ പോൾ തിരുകർമ്മ വേളയിൽ വായിക്കുകയുണ്ടായി. കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കൻ സ്ഥാനം വഹിച്ചത് രൂപതാ പ്രൊകുറേറ്റർ റവ. ഫാ ജേക്കബ് എടകളത്തൂറാണ്.
കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് അധ്യക്ഷം വഹിച്ചുകൊണ്ട് അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവ് രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു നേതൃത്വം നൽകിയ വികാരി ഫാ. പത്രോസ് ചന്പക്കരയെയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. ദിവ്യബലി മദ്ധ്യേയും ഉദ്ഘാടന സന്ദേശവേളയിലും അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവ് സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരന്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും പത്രോസ് ചന്പക്കര അച്ചന്റെ ത്യാഗപൂർണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യസന്ദേശം നൽകിയ ഹ്യൂറോൻ ആംഗ്ലിക്കൻ രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. റ്റൊഡ് ടൗണ്‍ഷെന്റ് തങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടർന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. നോർത്ത് അമേരിക്കൻ ക്നാനായ റീജണിനെ പ്രതിനിധികരിച്ചു ഷിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണ്‍ ഡയറക്ടറും ആയ വെരി റവ ഫാ തോമസ് മുളവനാലും ,മിസ്സിസ്സാഗ രൂപതാ വൈദികകൂട്ടായ്മയെ പ്രതിനിധികരിച്ചു ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ വികാരി റവ. ഫാ. പ്ലോജൻ കണ്ണന്പുഴയും, ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തോലിക് ഇൻ കാനഡയുടെ ചെയർമാനായ ജോസഫ് പതിയിലും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുണ്ടായി.
വികാരി റവ. ഫാ. പത്രോസ് ചന്പകര സ്വാഗതവും പാരിഷ് കൗണ്‍സിൽ സെക്രട്ടറി സന്തോഷ് മേക്കര റിപ്പോർട്ടും കൈക്കാരൻ ബൈജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് പാരിഷ് ഹാളിൽ വച്ച് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകുകയുണ്ടായി. നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെയും പങ്കാളിത്തം കൊണ്ട് എല്ലാ കർമ്മങ്ങളും ശ്രദ്ധേയമായി.
വികാരി ഫാ പത്രോസ് ചന്പക്കരയുടെയും കൈക്കാരന്മാരായ സാബു തറപ്പേൽ, ബൈജു സ്റ്റീഫൻ, സെക്രട്ടറി സന്തോഷ് മേക്കര ബിൽഡിംഗ് കമ്മിറ്റി കണ്‍വീനർ ജോജി വണ്ടൻമാക്കിൽ എന്നിവരുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടത്തപെട്ടത്.
അരനൂറ്റാണ്ടിലധികം കുടിയേറ്റ പാരന്പര്യമുള്ള ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസിസാഗ രൂപതയുടെ ആറാമത്തെ ദേവാലയവും നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ പതിനഞ്ചാമത്തെ ദേവാലയുമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാർജെടുത്ത റവ ഫാ. പത്രോസ് ചന്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാർഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ഈ മനോഹര ദേവാലയം സ്വന്തമാക്കാൻ സാധിച്ചത്. കാനഡയിൽ താമസിക്കുന്ന എല്ലാ ക്നാനായകത്തോലിക്ക വിശ്വാസികളുടെയും കൂട്ടായ പ്രാർത്ഥനയുടെയും സാന്പത്തികസഹായത്തിന്റെയും പരിണിതഫലമായാണ് ഈ ചരിത്രമുഹൂർത്തം സാധ്യമായത്.
കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
09:12 PM May 26, 2022 | Deepika.com