ബിസിനസ് കേരള ട്രേഡ് എക്‌സ്‌പോ മെയ് 26 മുതല്‍ 29 വരെ കോഴിക്കോട്

11:08 AM May 23, 2022 | Deepika.com
കോഴിക്കോട്: ബിസിനസ് കേരളയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രേഡ് എക്‌സ്‌പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 26 മുതല്‍ 29 വരെയായി നടക്കും. ഐകോണ്‍ മീഡിയ അക്കാദമി, എസ്എസ് ഇന്റര്‍നാഷണല്‍ മോഡലിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

കോവിഡ് കാരണം പ്രതിസന്ധിയിലായ വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ലോജിസ്റ്റിക്‌സ് വിതരണ മേഖലയെ മെച്ചപ്പെടുത്തുക ബ്രാന്‍ഡ് / പ്രോഡക്ട് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ.

മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഫര്‍ണീച്ചേഴ്‌സ്, ബില്‍ഡേഴ്‌സ്, കൃഷി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ പ്രദര്‍ശനമാണ് നാല് ദിവസങ്ങളിലായി നടക്കുന്നത്. കൂടാതെ, ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേളയും നടക്കും. 200 ഓളം കമ്പനികളാണ് പതിനായിരത്തിലധികം അവസരങ്ങളുമായി തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്.

100 ലധികം ബിസിനസ് എക്‌സ്ബിഷന്‍ സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ സജ്ജമാക്കുന്നത്. 25 വാഹന സ്റ്റാളുകളിലൂടെ ആഡംബര വാഹനം, പുതിയ വാഹനങ്ങളുടെ പ്രദര്‍ശനവും ലോഞ്ചുകളും നടക്കും. 25 ലധികം വിവാഹ പ്രദര്‍ശന സ്റ്റാളുകള്‍, കൂടാതെ 25 സ്റ്റാളുകള്‍ അടങ്ങിയ ഫുഡ് കോര്‍ട്ട് എന്നിവയും എക്‌സ്‌പോയെ ആകര്‍ഷണീയമാക്കും. കൂടാതെ, എല്ലാദിവസവും ഇന്റര്‍നാഷണല്‍ മാര്‍വെല്ലസ് ഫാഷന്‍ ഷോ മത്സരവും എക്സ്പോയില്‍ അരങ്ങേറും.

26ന് ബിസിനസ് അവാര്‍ഡുകള്‍, പെപ് ടോക്കുകള്‍, ഉല്‍പ്പന്ന -സേവന-ബ്രാന്‍ഡ് ലോഞ്ചുകള്‍, ബിസിനസ് പ്രസന്റേഷന്‍, 100 വനിതാ വ്‌ളോഗര്‍മാരുടെ സംഗമം എന്നിവയും നടക്കും. ബിസിനസ് മേഖലയിലെ പത്തോളം പ്രമുഖരാണ് ബിസിനസ് ടോക്കില്‍ പങ്കെടുക്കുന്നത്. നിങ്ങളുടെ ബിസിനസിനെ പരിചയപ്പെടുത്താനും ഇന്‍വെസ്റ്റേഴ്‌സിനെ കണ്ടെത്താനുമുള്ള ഒരു വേദി കൂടിയാകുമിത്.

27ന് ജോബ് ഫെയറുകളും ബിസിനസ് അഭിമുഖങ്ങളും 28 ന് 50+ വനിതകളുടെ മെഹന്തി ഫെസ്റ്റും വനിതാ സംരംഭകരുടെ കേക്ക് നിര്‍മാണ മത്സരങ്ങളും നടക്കും. സമാപന ദിവസമായ 29ന് കാലാപരിപാടികളും ഫാഷന്‍ ഷോയും കലാ സാംസ്‌കാരിക രംഗത്തെ പ്രശസ്തരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ആല്‍ബ പ്രദര്‍ശനവും ഉണ്ടായിരിക്കും. ആദ്യത്തെ വെഡ്ഡിംഗ് എക്‌സ്‌പോയും ഇതാണ്.

കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ ബിസിനസ് കേരള മാനേജിങ് ഡയറക്ടര്‍ നൗഷാദ് ഇ.പി ,ഐക്കണ്‍ മീഡിയ മാനേജിങ് ഡയറക്ടര്‍മാരായ നിഷാദ്,ഷൈഷാദ്, ജ്വല്‍ ഷാരോണ്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7511188200, +91 7511194200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.