ഷിക്കാഗോ: ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസിൽ വച്ചു നടക്കുന്ന കെ.സി.സിഎൻഎ കണ്വൻഷൻ വേദിക്ക് ക്നായിതോമാ നഗർ എന്ന് പേരിട്ടു. കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിൽ കൂടിയ കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റി ഐകകണ്ഠേനയാണ് ഈ തീരുമാനം എടുത്തത്. ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് പുത്തനുണർവ് നൽകി പുഷ്ടിപ്പെടുത്തുകയും കേരളത്തിന്റെ സാംസ്കാരികവും, സാമൂഹികവും, സാന്പത്തിക മേഖലയിലും സമഗ്ര സംഭാവനകൾ നൽകുകയും ചെയ്ത ക്നായിതോമായുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി.
പ്രേഷിത കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്നാനായ സമുദായത്തിന്റെ ഗോത്രത്തലവൻ ക്നായി തോമായെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകൾ ഭാവിതലമുറയിലേക്ക് പകർന്നുനൽകുന്നതിനുംവേണ്ടിയാണ് വടക്കേ അമേരിക്കയിലെ ക്നാനായ മക്കളുടെ മാമാങ്കമായ ക്നാനായ കണ്വൻഷൻ സെന്ററിന് ക്നായിതോമാ നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്നാനായ മക്കളിൽനിന്നും വളരെ മികച്ച രജിസ്ട്രേഷനാണ് ഇത്തവണത്തെ കണ്വൻഷന് ലഭിച്ചിരിക്കുന്നതെന്ന് കണ്വൻഷൻ കമ്മറ്റിക്കുവേണ്ടി കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. ഇതിനെത്തുടർന്ന് കണ്വൻഷൻ സെന്ററിൽ കൂടുതൽ മുറികൾ ലഭിച്ചതിനാൽ കണ്‍വൻഷന്റെ രജിസ്ട്രേഷൻ മേയ് 31 വരെ ദീർഘിപ്പിച്ചെന്ന് കെസിസിഎൻഎ സെക്രട്ടറി ലിജോ മച്ചാനിക്കൽ അറിയിച്ചു.
കണ്വൻഷൻ ഒരുക്കങ്ങൾ വളരെ ഭംഗിയായി ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആയതിനാൽ ഇനിയും രജിസ്റ്റർ ചെയ്യുവാനുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും കെസിസി.എൻഎ വൈസ് പ്രസിഡന്റ് ജോണി കുസുമാലയം അറിയിച്ചു. കുട്ടിൾക്കും മുതിർന്നവർക്കും വളരെയധികം മുൻഗണന നൽകുന്ന ക്നാനായ സമുദായം കെസിസിഎൻഎ കണ്‍വൻഷനിൽ മികവുറ്റ പരിപാടികളാണ് കുട്ടികൾക്കും വനിതകൾക്കുംവേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയിൽ അറിയിച്ചു. വടക്കേ അമേരിക്കയിലും കേരളത്തിൽനിന്നുമുള്ള രാഷ്ട്രീയ, സാമുദായിക, സാമൂഹി, കായികരംഗത്തെ അനേകം പ്രതിഭകൾ ഈ കണ്‍വൻഷനിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടനെതന്നെ അറിയിക്കുന്നതാണെന്നും കെസിസിഎൻഎ ട്രഷറർ ജയ്മോൻ കട്ടിണശ്ശേരിയിൽ അറിയിച്ചു.
2022 കെസിസിഎൻഎ കണ്വൻഷൻ ക്നായിതോമാനഗറിൽ; രജിസ്ട്രേഷൻ മേയ് 31ന് അവസാനിക്കും
10:31 PM May 12, 2022 | Deepika.com