ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍

10:54 PM May 05, 2022 | Deepika.com
ഡാളസ് : ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ മേയ് ആറ്, ഏഴ്, എട്ട് ( വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി വൈകുന്നേരം ഏഴിനും ശനി വൈകുന്നേരം ആറിനും സന്ധ്യാ പ്രാർഥനയോടും ഗാന ശുശ്രുഷയോടും കൂടെ ആരംഭിക്കുന്ന ഓർമപ്പെരുന്നാൾ ശുശ്രുഷയിൽ ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തുന്നതാണ്.

ശനി രാത്രി എട്ടോടെ അലങ്കരിച്ച വാഹനത്തിന്‍റേയും വാദ്യമേളത്തിന്‍റേയും അകമ്പടിയോടു കൂടി ഭക്തി നിർഭരമായ റാസയും ആശിർവാദവും നേർച്ച വിളമ്പും കൂടാതെ അന്നേദിവസം ആത്‌മീയ പ്രസ്ഥാനങ്ങളുടെയും സൺ‌ഡേ സ്കൂളിന്‍റേയും നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


ഞായർ രാവിലെ 8.30 ന് പ്ലേനോ സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ്‌ വികാരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത പ്രാർഥനയെ തുടർന്നു വിശുദ്ധ കുർബാനയും റാസ, നേർച്ച വിളമ്പ് എന്നീ ശുശ്രുഷകൾക്കുശേഷം ഈ വർഷത്തെ പെരുന്നാൾ കൊടി ഇറങ്ങും.

മേയ് ഒന്നിനു പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനക്കുശേഷം 11.30 ഓ‌ടെ കൊടിയേറ്റത്തോടെ പെരുന്നാൾ ആഘോഷത്തിനു തുടക്കം കുറിച്ചു.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസിലെ ഏക ദേവാലയമാണ്. ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ ജാതി മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി അനുഗ്രഹം പ്രാപിപ്പാൻ എല്ലാ വിശ്വാസ സമൂഹത്തേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. ജോഷ്വാ ജോർജ് അറിയിച്ചു.

വിവരങ്ങൾക്ക് : സാജൻ ചാമത്തിൽ (സെക്രട്ടറി) 972 900 7723, രാജൻ ജോർജ് (ട്രസ്റ്റി) 804 735 6150.