വെമ്പള്ളി: മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ കാണക്കാരി പഞ്ചായത്ത് ഒരുങ്ങുന്നു. മാലിന്യസംസ്കരണത്തിനു വിവിധ പദ്ധതികളാണ് തയാറായിരിക്കുന്നത്. വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കോമ്പൗണ്ടിലും ഫാമിലി ഹെല്‍ത്ത് സെന്ററിലും സ്ഥാപിച്ച തുമ്പൂര്‍മൂഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് നാടിനു കൈമാറി. 5,92,246 രൂപ ചെലവഴിച്ചു പാലക്കാട് ഐആര്‍ടിസിയുടെ നേതൃത്വത്തിലാണ് തുമ്പൂര്‍മൂഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് നിര്‍മാണം നടത്തിയത്.
അജൈവ മാലിന്യം
അജൈവമാലിന്യ സംസ്കരണത്തിനായി 20 ലക്ഷം രൂപ ചെലവില്‍ ചിറക്കുളത്തിനു സമീപം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യം തരംതിരിച്ചു സൂക്ഷിക്കാനും ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ക്ക് ഓഫീസ്, വിശ്രമസൗകര്യം എന്നിവയ്ക്കും സൗകര്യം ഒരുക്കി. ഗാര്‍ഹിക കമ്പോസ്റ്റ് സംവിധാനമായ റിംഗ് കമ്പോസ്റ്റ് യൂണിറ്റുകള്‍ 266 എണ്ണം വിതരണംചെയ്തു. ഒഡിഎഫ് പ്ലസ് പദ്ധതി ലക്ഷ്യമിട്ടു ശുചിത്വ കക്കൂസ് സംവിധാനം ഇല്ലാതിരുന്ന എല്ലാവര്ക്കും കക്കൂസ് നിര്‍മാണ സഹായം നല്‍കിയിട്ടുണ്ട്.
ദ്രവമാലിന്യം
ദ്രവമാലിന്യ സംസ്കരണരംഗത്തു മുഴുവന്‍ വീടുകളിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ സോക്പിറ്റുകള്‍ നിര്‍മിക്കാനുള്ള നടപടിയും തുടരും. അജൈവമാലിന്യ സംസ്കരണത്തിനായി ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്ന് അജൈവമാലിന്യ സംസ്കരണത്തിനായി ക്ലീന്‍കേരള കമ്പനിക്കു കൈമാറി ശാസ്ത്രീയമായി സംസ്കരണം നടത്തിവരുന്നു. ജലാശയങ്ങള്‍ വീണ്ടെടുക്കാൻ അമൃതസരോവര്‍, നീരുറവ് എന്നീ പദ്ധതികളും ആവിഷ്കരിച്ചു.
മാലിന്യത്തെ പിടിച്ചുകെട്ടാൻ കാണക്കാരി ഒരുങ്ങുന്നു
01:55 AM Jun 11, 2023 | Deepika.com