പോളിടെക്നിക് കോളജ് പ്രവേശനം
01:02 AM Jun 10, 2023 | Deepika.com
നടുവിൽ: നടുവിൽ പോളിടെക്നിക് കോളജ് പ്രവേശനം ഈ അധ്യായന വർഷം മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി സജീവ് ജോസഫ്, എംഎൽഎ അറിയിച്ചു. പോളിടെക്നിക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. പോളിടെക്നിക് കോളജ് പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ ഈമാസം തന്നെ ഉണ്ടാകും. പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിന് 35 തസ്തികകൾ സൃഷ്ടിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ തന്നെ കഴിഞ്ഞ അധ്യായന വർഷം ഏകദേശം 6276 പേർ പോളിടെക്നിക് കോളജ് അഡ്മിഷന് വേണ്ടി അപേക്ഷിച്ചെങ്കിലും 1133 പേര്‍ക്ക് മാത്രമാണ് അഡ്മിഷൻ ലഭിച്ചത്. ഓട്ടോമൊബൈൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം ഉണ്ടാകുക. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജോഷി കണ്ടത്തിൽ, എം.പി. വാഹിദ, വാർഡ് മെംബർ പി. ബഷീറ, പ്രിൻസിപ്പൽ എം.സി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.