കണ്ണൂർ: കെപിസിസി പുറത്തിറക്കിയ പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ നിയമന ലിസ്റ്റിനെ ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. മാടായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.വി. സനിൽ കുമാറാണ് തളിപ്പറന്പ് മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
കോൺഗ്രസിന്റെ എഴുതി തയാറാക്കിയ ഭരണഘടനയിലെ വ്യവസ്ഥകൾ പരസ്യമായി ലംഘിച്ച് ബൂത്ത് തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ നേതാക്കളുടെ താത്പര്യത്തിനനുസരിച്ച് ഭാരവാഹികളെ തീരുമാനിച്ച നടപടിയെയാണ് കോടതിയിൽ ചോദ്യം ചെയ്തിട്ടുള്ളതെന്ന് സനിൽ കുമാർ ദീപികയോട് പറഞ്ഞു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കളുടെ ഇഷ്ടക്കാരെ നിയമവിരുദ്ധമായി പ്രതിനിധി ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെയും കേസിൽ ചോദ്യം ചെയ്യുന്നുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എംപി, മധുസൂദനൻ മിസ്ട്രി, കെ.സി. വേണുഗോപാലൻ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, ടി.യു. രാധാകൃഷ്ണൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. എഐസിസി പുറത്തിറക്കിയെന്നു പറയുന്ന പേപ്പർ മെന്പർഷിപ്പോ, ഡിജിറ്റൽ മെംബർഷിപ്പോ പ്രസിദ്ധീകരിക്കാതെ കെപിസിസി നടത്തുന്ന നിയമനം നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്താതെ കെപിസിസിക്ക് ബ്ലോക്ക് പ്രസിഡന്റുമാരുടെ ലിസ്റ്റ് പ്രസിദ്ധികരിക്കാൻ പാർട്ടി ഭരണഘടന പ്രകാരം സാധിക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
നിയമന ലിസ്റ്റിനെതിരേ കോടതിയിൽ ഹർജി
01:02 AM Jun 10, 2023 | Deepika.com