കണ്ണൂർ: ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണത്തിന്റെ ഫീൽഡ്തല മോണിറ്ററിംഗിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിൽ സന്ദർശനം നടത്താനുള്ള ഒരു സംഘം രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി. ലൈഫ് പദ്ധതിയിൽ നിർമിച്ച ഏതാനും വീടുകൾ ഈ സംഘം പരിശോധിക്കും.
വൃക്ക/കരൾ മാറ്റിവച്ചവർക്ക് നൽകാനുള്ള മരുന്നുകളുടെ ലഭ്യതക്കുറവ് രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ, മരുന്നുകൾ പൊതുമാർക്കറ്റിൽനിന്ന് വാങ്ങുന്നതിന് യോഗം അംഗീകാരം നൽകി. ജില്ലാ ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ഇന്റർവ്യു നടത്തും. ജില്ലയിൽ അജൈവ പാഴ്വസ്തു സംസ്കരണ കേന്ദ്രം നിർമിക്കുന്നതിന് ക്ലീൻ കേരള കമ്പനിക്ക് ഭൂമി നൽകാൻ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിക്കായുള്ള അപേക്ഷകരുടെ പട്ടിക അംഗീകരിച്ചു.
യോഗത്തിൽ പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, കെ.കെ. രത്നകുമാരി, ടി. സരള, യു.പി. ശോഭ, അംഗങ്ങളായ എം. രാഘവൻ, തോമസ് വെക്കത്താനം, ടി.സി. പ്രിയ, വി. ഗീത, ലിസി ജോസഫ്, ഇ. വിജയൻ, എം. ജൂബിലി ചാക്കോ, എൻ.വി. ശ്രീജിനി, കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ലൈഫ് വീട് നിർമാണം: ജില്ലാ പഞ്ചായത്ത് സംഘം പരിശോധന നടത്തും
01:00 AM Jun 10, 2023 | Deepika.com