ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണയില്‍ ജല്‍ജീവന്‍ പൈപ്പ് സ്ഥാപിക്കാന്‍ ജെസിബി കൊണ്ട് റോഡ് കുഴിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് നിലംപൊത്തി. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പഴയ സിനിമ തിയറ്ററിനു സമീപം ഇന്നലെ രാവിലെ 9.15നാണ് സംഭവം.
ഏറെ തിരക്കുള്ള സമയമെങ്കിലും റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഒരു സ്കൂട്ടര്‍ യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജെസിബിക്ക് കുഴിക്കുന്നതിനിടയിലാണ് വൈദ്യുതി പോസ്റ്റ് വന്‍ശബ്ദത്തോടെ ടാറിംഗിനു മുകളിലേക്കു വീണതെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. 11കെവി ഉള്‍പ്പെടെ 20 എച്ച്ടി, എല്‍ടി ലൈനുകള്‍ കടന്നുപോകുന്ന പോസ്റ്റാണ് നിലംപൊത്തിയത്.
സംഭവത്തെത്തുടര്‍ന്ന് വാഴൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. തെങ്ങണ ജംഗ്ഷനിലും പെരുമ്പനച്ചിയിലും പരിസരങ്ങളിലും വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു. ചങ്ങനാശേരിയിലേക്കുള്ള ബസുകളടക്കം വാഹനങ്ങള്‍ മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് വഴിയും കറുകച്ചാലിലേക്കുള്ള വാഹനങ്ങള്‍ തെങ്ങണ മാടപ്പള്ളി വഴിയും വഴിതിരിച്ചുവിട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.
വൈദ്യുതിവകുപ്പ് ജീവനക്കാര്‍ മഴ അവഗണിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമം നടത്തി വൈകുന്നേരം അഞ്ചോടെയാണ് പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഈ സമയത്താണ് ഗതാഗതവും പുനഃസ്ഥാപിച്ചത്.
നെടുംകുന്നം വാട്ടര്‍ അഥോറിറ്റിയില്നിന്നുമെത്തിയ കരാറുകാര്‍ കെഎസ്ഇബിയെ അറിയിക്കാതെയാണ് ജോലികള്‍ നടത്തിയത്. കരാറുകാരനും വാട്ടര്‍ അഥോറിറ്റിയും നഷ്ടപരിഹാരം നല്കാന് തയാറാകാതിരുന്നതിനാല്‍ ഇരുവര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. എഴുപതിനായിരം രൂപയുടെ നഷ്ടം നേരിട്ടതായി വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
പൈപ്പ്ലൈനിനു കുഴിയെടുക്കവെ വൈദ്യുതിപോസ്റ്റ് നിലംപൊത്തി; ദുരന്തമൊഴിവായി
12:55 AM Jun 10, 2023 | Deepika.com