വടക്കഞ്ചേരി: മംഗലംഡാം കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി പൊളിച്ചത് നവീകരിച്ചില്ല. ഹോട്ടൽ ഡയാനക്കു മുന്നിൽ ഗാന്ധിഗ്രാമം നഗറിലെ റോഡുകളുടെ സ്ഥിതിയാണിത്.
മാസങ്ങൾക്ക് മുന്പ് മാത്രം റീടാറിംഗ് നടത്തി മിനുക്കിയ റോഡാണിത്. ഇപ്പോൾ റോഡിന്റെ കറുപ്പു നിറം ഇല്ലാതായി മണ്റോഡുപോലെയായി.
ഇപ്പോ ശരിയാക്കുമെന്ന ഉറപ്പിലായിരുന്നു മനോഹരമായി കിടന്നിരുന്ന റോഡ് വെട്ടി പൊളിച്ച് പൈപ്പിട്ടത്.
ഇവിടെ കരിങ്കുന്നത്ത് പദ്ധതിയുടെ ഒരു ടാങ്ക് നിർമിക്കുന്നതിനാൽ മംഗലംഡാമിൽ നിന്നുള്ള ഒരു വലിയ പൈപ്പ് ടാങ്കിലേക്കും ടാങ്കിൽ നിന്നുള്ള ജലവിതരണത്തിന് മറ്റൊരു പൈപ്പും റോഡ് പൊളിച്ച് കുഴിച്ചിട്ടു.
വീതി കുറഞ്ഞ റോഡിൽ തലങ്ങും വിലങ്ങും പൈപ്പിടാൻ റോഡ് വെട്ടിമുറിച്ചപ്പോൾ വഴി നടക്കാനാകാത്ത സ്ഥിതിയായെന്നാണ് താമസക്കാർ പറയുന്നത്. മഴക്കുമുന്പ് റീ ടാറിംഗ് നടക്കാനിടയില്ലാത്തതിനാൽ ഇനി നാലഞ്ച് മാസം യാത്ര ദുരിതമാകും.
നടപ്പാകാത്ത പദ്ധതിക്കായി റോഡുകൾ വെട്ടിപൊളിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗത്തു നിന്നുമുണ്ടാകുന്നത്.
കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാനായി റോഡുകൾ വെട്ടി പൊളിക്കുന്നത് പഞ്ചായത്തുകൾക്കും പൊതുമരാമത്ത് വകുപ്പിനും വലിയ ബാധ്യതയായി മാറിയിട്ടുണ്ട്.
ജെസിബിയുടെ സഹായത്തോടെ ചാല് എടുക്കുന്പോൾ ബലക്കുറവുള്ള ടാറിംഗിൽ വിള്ളൽ രൂപപ്പെട്ട് അടർന്ന് നീങ്ങുകയാണ്. പാതയോരത്ത് ആഴത്തിലുള്ള ചാല് നിർമിക്കുന്നതു മൂലം പലയിടത്തും വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
മംഗലംഡാം കുടിവെള്ള പദ്ധതിക്ക് വെട്ടിപ്പൊളിച്ച റോഡുകൾ നവീകരിച്ചില്ല
12:42 AM Jun 10, 2023 | Deepika.com