കോതമംഗലം: ഉത്തർപ്രദേശിലെ ലക്നോവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മിന്നും പ്രകടനവുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജ്. അത്ലറ്റിക്സ് ഇനങ്ങളിൽ എ.കെ. സിദ്ധാർഥ്, കെ. ശ്രീകാന്ത്, ആകാശ് എം. വർഗീസ്, കെ. ആനന്ദ് കൃഷ്ണ എന്നിവർ വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടി. അരുണ്‍ജിത്ത്, കെ. സ്നേഹ എന്നിവർ 4 - 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ കരസ്ഥമാക്കി.
വനിതാ വിഭാഗം 400 മീറ്റർ വ്യക്തിഗതയിനത്തിൽ കെ. സ്നേഹ വെങ്കലവും കരസ്ഥമാക്കി. സ്നേഹ അടങ്ങുന്ന എംജി സർവ്വകലാശാല 4- 400 മീറ്റർ വനിത റിലേ ടീം സ്വർണവും നേടി. ജൂണിയർ നാഷണൽ ചാന്പ്യനായ ബിലൻ ജോർജ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ വെങ്കലവും സ്വന്തമാക്കി. എംഎ കോളജിന്റെ 10 താരങ്ങൾ അടങ്ങിയ എംജി സർവകലാശാല പുരുഷ ഫുട്ബോളിൽ മൂന്നാമതെത്തി.
മെഡൽ പട്ടികയിൽ എംഎ കോളജിന്റെ 17 താരങ്ങൾ ഇടം പിടിച്ചു. മഹാത്മാഗാന്ധി സർവകലാശാലയെ പ്രതിനിധീകരിച്ച് 32 താരങ്ങളാണ് പങ്കെടുത്തത്. വിജയികളെയും പരിശീലകരെയും മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ അഭിനന്ദിച്ചു.
ഖേലോ ഇന്ത്യയിൽ വെന്നിക്കൊടി പാറിച്ച് എംഎ കോളജ്
11:59 PM Jun 09, 2023 | Deepika.com