കോതമംഗലം: കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികനായ യുവാവിന് പരിക്ക്. പൂയംകുട്ടി തളിച്ചിറ റെജിയുടെ മകന് റിനു (25)വിനാണ് പരിക്കേറ്റത്. കോതമംഗലത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ റിനു കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴാണ് പൂയംകുട്ടി തണ്ട് റോഡില്‍ വീടിന് സമീപത്തുവച്ച് കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റിനു റോഡിലേക്ക് തെറിച്ച് വീണു. ഇടതുകൈയിന്റെ ചെറുവിരല്‍ ഒടിഞ്ഞുതൂങ്ങി, മുഖത്തും കാലിന്റെ മുട്ടിനും നടുവിനും പരിക്കേട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച റിനുവിന്റെ ഒടിഞ്ഞുതൂങ്ങിയ വിരല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും.
പ്രദേശത്ത് അടുത്തിടെ കാട്ടുപന്നിയുടെ വിളയാട്ടവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂയംകുട്ടി, തണ്ട് മേഖലയില്‍ ആനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യവും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വനം വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.
കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
11:59 PM Jun 09, 2023 | Deepika.com