പറവൂർ: കെട്ടിടം അപകടാവസ്ഥയിലായ പറവൂർ സബ് ട്രഷറിയുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് അടിയന്തിരമായി മാറ്റണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാലപ്പഴക്കത്താൽ തകർച്ചയിലായ കെട്ടിടത്തിൽ ദിവസേന വന്നെത്തുന്നവർ ജീവൻ പണയം വച്ചാണ് കാര്യങ്ങൾ നടത്തി തിരിച്ചുപോകുന്നത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടം പരിശോധന നടത്തി ട്രഷറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മഴക്കാലം തുടങ്ങിയതോടെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ആയിരക്കണക്കിനു പെൻഷൻകാരുടെ രേഖകൾ, മുദ്രപ്പേപ്പറുകൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ, സർക്കാർ രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. കെട്ടിടം തകർന്നാൽ ഇതെല്ലാം കൈമോശം വരുന്ന അവസ്ഥയുണ്ടാകും. അതിനാൽ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള തീരുമാനം വരുന്നത് വരെ മറ്റൊരിടത്തേക്ക് താത്കാലികമായി പ്രവർത്തനം മാറ്റണമെന്നാണ് ആവശ്യം.
കെട്ടിടം അപകടാവസ്ഥയിൽ; പറവൂർ സബ് ട്രഷറി മാറ്റണമെന്ന്
11:56 PM Jun 09, 2023 | Deepika.com