കൊച്ചി: കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ഈ മാസം 17ന് ആറ് വര്‍ഷം തികയുന്നു. ആറാം വാർഷികം ആഘോഷമാക്കാൻ വിവിധ പരിപാടികളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അണിയറയിൽ ഒരുങ്ങുന്നത്. സര്‍വീസിനു തുടക്കം കുറിച്ച ജൂണ്‍ 17, കഴിഞ്ഞ വര്‍ഷം മുതല്‍ കേരള മെട്രോ റെയില്‍ ഡേ ആയാണ് ആചരിച്ചുവരുന്നത്. ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾക്കു പുറമെ ഓഫറുകളും കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരില്‍ ഇന്നു മുതല്‍ മെട്രോ സ്റ്റേഷനുകളില്‍ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.
പിറന്നാള്‍ ദിനമായ 17-ന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം 17-ന് 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.
ഫെസ്റ്റും മൽസരങ്ങളും
ഇന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ സാം അക്കാദമിയുടെ സഹകരണത്തോടെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പൊതുജനങ്ങള്‍ക്കായി വിവിധ ബോര്‍ഡ് ഗെയിമുകളും നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ ചെസ് മത്സരവും സംഘടിപ്പിക്കും.
കൂടാതെ ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ ഓപ്പണ്‍ ക്വിസ് മത്സരം നടത്തും. 17 ന് ഉച്ചയ്ക്ക് രണ്ടിന് പ്രിലിമിനറി റൗണ്ടും തുടര്‍ന്ന് സെമിഫൈനലും ഫൈനലും വൈറ്റില മെട്രോ സ്റ്റേഷനില്‍ നടക്കും. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് അവസരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 79076 35399 എന്ന നമ്പറില്‍ ബന്ധപ്പെടാം. 17 ന് ചിത്രരചനാ മത്സരവും 15 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ചെസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
11 മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശന വില്‍പ്പന മേള നടക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്കിന്റെ നേതൃത്വത്തില്‍ 17ന് കലൂര്‍ സ്റ്റേഷനില്‍ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവിപണനമേള ഒരുക്കും.
15-ന് കൊച്ചി മെട്രോയുടെ ട്രെയിനുകളില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ തത്സമയം വരച്ച് സമ്മാനിക്കും. 16ന് എസ്സിഎംഎസ് കോളജിന്റെ സഹകരണത്തോടെ പൊതുഗതാഗത കോണ്‍ക്ലേവ് സംഘടിപ്പിക്കും.
22 മുതല്‍ 25 വരെ വൈറ്റില മെട്രോ സ്റ്റേഷനില്‍ ഫ്ളവര്‍ ആന്‍ഡ് മാംഗോ ഫെസ്റ്റും ഒരുക്കുന്നുണ്ട്.
ആറാം വാര്‍ഷികം അടിപൊളിയാക്കാൻ കൊച്ചി മെട്രോ
11:52 PM Jun 09, 2023 | Deepika.com