വൈക്കം: ദളവാക്കുളം ബസ് ടെർമിനലിൽ കെഎസ്ആർടിസി ബസുകൾ കയറുന്നില്ലെന്ന് പരാതി.
കെഎസ്ആർടിസി സൂപ്പര്‍ഫാസ്റ്റ്, സിഫ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ചില ഓര്‍ഡിനറി ബസുകൾ തുടങ്ങിയവ ബസ് ടെർമിനലിന് പുറത്തു നിര്‍ത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. വീതികുറഞ്ഞ റോഡില്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാകുകയാണ്. റോഡിന് സമീപത്തെ ഓടയ്ക്കു മൂടിയില്ല. ബസില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ കാല്‍വഴുതി ഓടയില്‍ വീഴാനുള്ള സാധ്യതയും കൂടുതലാണ്.
കിഴക്കേഗോപുര നടയ്ക്കു മുന്നിലായുള്ള വളവിലാണ് പലപ്പോഴും ബസുകള്‍ നിര്‍ത്താറുള്ളത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ലിങ്ക് റോഡ്, ആറാട്ടുകുളങ്ങര എന്നിവിടങ്ങളില്നിന്നുമെത്തുന്ന വാഹനങ്ങള്‍ വളവില്‍ നിര്‍ത്തുന്ന ബസിന്റെ പിന്നില്‍ ഇടിക്കാനും സാധ്യതയുണ്ട്.
എറണാകുളത്തുനിന്ന് എത്തുന്ന ചില സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ലിങ്ക് റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി വലിയ കവലയില്‍നിന്നു വടക്കേ നടവഴി പടിഞ്ഞാറെ നടയിലേക്ക് പോകുന്നതായും പരാതിയുണ്ട്. വടക്കേനടയില്നിന്നും പടിഞ്ഞാറെ നടയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവായതിനാല്‍ അപകടസാധ്യത ഏറുന്നു.
ദളവാക്കുളം ബസ് ടെർമിനലിൽ കെഎസ്ആർടിസി ബസുകൾ കയറ്റുന്നതിനും ബസുകൾ വൺവേ തെറ്റിച്ചു വടക്കേനടവഴി പോകുന്നതും അവസാനിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ബസുകൾ ദളവാക്കുളം ബസ് ടെർമിനലിൽ കയറുന്നില്ലെന്നു പരാതി
11:56 PM Jun 08, 2023 | Deepika.com