പൂഞ്ഞാർ: ചേന്നാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. ചേന്നാട് പീടികയിൽ ജോസഫ് ചാക്കോ, മകൻ സജി എന്നിവർക്കാണു പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.30 യോടെയാണ് സംഭവം. പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇരുവരും ബൈക്കിൽ പോകുമ്പോൾ കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്നു വീണ ജോസഫിനും സജിക്കും കൈകാലുകൾക്കു പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം നാളുകളായി ഉണ്ട്. വ്യാപകമായ കൃഷിനാശം പലയിടങ്ങളിലും ഉണ്ടാക്കുന്നുണ്ട്. എങ്കിലും ആരെയെങ്കിലും കാട്ടുപന്നി ആക്രമിക്കുന്ന സംഭവം പ്രദേശത്ത് ആദ്യമാണെന്ന് ജോസഫ് പറഞ്ഞു. 15ൽ അധികം കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള പന്നികൾ പ്രദേശത്ത് പലപ്പോഴായി കണ്ടവരുണ്ട്. വ്യാപകമായ കൃഷി നാശം പലർക്കും ഉണ്ടാകുന്നുണ്ട്. പന്നികളിൽനിന്നു പ്രദേശവാസികൾക്ക് സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സന്ധ്യാസമയങ്ങളിൽ പേടിയോടെയാണു പലരും ബൈക്കുകളിൽ യാത്ര ചെയ്യുന്നത്.
പൊതുഗതാഗതം കുറവായ ഇവിടെ നാട്ടുകാർ കൂടുതലായും ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
ചേന്നാട് കാട്ടുപന്നിയുടെ ആക്രമണം: രണ്ടു പേർക്കു പരിക്കേറ്റു
11:46 PM Jun 08, 2023 | Deepika.com