പിലാത്തറ: ഓടുന്നതിനിടയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ മിനി പിക്കപ്പ് കത്തിനശിച്ചു.അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ മലപ്പുറത്തെ മുഹസിന് (22), സഹായി ചേളാരിയിലെ മുഹമ്മദ് റാഷിദ് (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ് മേരീസ് സ്കൂളിന് സമീപമാണ് അപകടം. പിലാത്തറയില്‍നിന്നും പരിയാരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറ്ററിംഗ് സര്‍വീസിനായി ഉപയോഗിച്ചിരുന്ന മഹീന്ദ്ര മാക്സിമൊയുടെ മിനി പിക്കപ്പാണ് അപകടത്തില്‍പെട്ടത്.
ഓടിക്കൊണ്ടിരിക്കേ നിയന്ത്രണം വിട്ട വാഹനം ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്ധന ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. വിവരമറിഞ്ഞ് പയ്യന്നൂരില്‍നിന്നും ലീഡിംഗ് ഫയര്മാന് പി.വിജയന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വാഹനം പരിയാരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അപകടത്തിൽപെട്ട പിക്ക് അപ്പിന് തീപിടിച്ചു; രണ്ടു പേർക്കു പരിക്ക്
12:43 AM Jun 08, 2023 | Deepika.com