കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിന് സമീപം നിർമാണത്തിലിരുന്ന റോഡിന്റെ സംരക്ഷണഭിത്തി വീടിന്റെ ഒരു വശത്തേക്കു തകർന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം പൂവത്തുങ്കൽ റെജിയുടെ വീടിന് മുകളിലേക്കാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നുവീണത്.
പൂഞ്ഞാർ - മുപ്പത്തഞ്ചാംമൈൽ സംസ്ഥാനപാതയുടെ ഭാഗമായുള്ള റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. പുലർച്ചെ അഞ്ചോടുകൂടിയായിരുന്നു 25 അടിയോളം ഉയരവും 80 അടിയോളം നീളവുമുള്ള സംരക്ഷണഭിത്തി വീടിന്റെ പുറകുവശത്തേക്ക് പതിച്ചത്. അപകടത്തിൽ വീടിന്റെ ജനലിനും ഭിത്തിക്കും സാരമായ കേടുപാട് സംഭവിച്ചു. വീട്ടിൽ റെജിയും കുടുംബവും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിന്റെ വശത്ത് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തിക്ക് മുകളിലേക്ക് സംസ്ഥാനപാതയുടെ നിർമാണത്തിന്റെ ഭാഗമായി മൂന്ന് അടി വീതിയിൽ പുതിയ കൽക്കെട്ട് നിർമിക്കുകയായിരുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നിർമാണം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈബ്രേറ്റർ ഉപയോഗിച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി ബിഎം ചെയ്തിരുന്നു. കൂടാതെ രണ്ടുദിവസമായി പെയ്യുന്ന മഴകൂടിയായതോടെ പ്രദേശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു വീഴുകയായിരുന്നു.
നിലവിലുണ്ടായിരുന്ന സംരക്ഷണഭിത്തിക്കു മുകളിൽ ബലപരിശോധന നടത്താതെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് അപകടത്തിനു കാരണമെന്നും ആക്ഷേപമുണ്ട്.
റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; വീടിന് ഭാഗിക കേടുപാട്
10:34 PM Jun 07, 2023 | Deepika.com